ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ വൻ ചട്ടലംഘനം നടന്നതായി 'ദി ഹിന്ദു' പത്രം റിപ്പോർട്ട് ചെയ്യുന്നു. ഒരു ബൂത്ത് ലെവൽ ഏജന്റിന് (ബിഎൽഎ) ഒരു ദിവസം പരമാവധി 10 'ഫോം 7' (പേര് ഒഴിവാക്കാനുള്ള അപേക്ഷ) മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ, ഈ മാനദണ്ഡം കാറ്റിൽപ്പറത്തിയാണ് അപേക്ഷകൾ നൽകിയത്. ഇലക്ഷൻ കമ്മീഷന്റെ ഓൺലൈൻ പോർട്ടലിലെ സാങ്കേതിക പഴുതുകൾ പ്രയോജനപ്പെടുത്തിയാണ് ബിഎൽഎമാർ നിയന്ത്രണങ്ങൾ മറികടന്നത്. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള തീയതികൾക്കിടയിൽ നാലുപേർ ദിവസേന അനുവദിച്ചിട്ടുള്ള പത്തിൽക്കൂടുതൽ അപേക്ഷകൾ സമർപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ബിജെപിയുടെ ബിഎൽഎ ആയ ചിത്രേഷ് ചന്ദോലിയ കേവലം രണ്ട് ദിവസത്തിനുള്ളിൽ 35 അപേക്ഷകളാണ് പോർട്ടൽ വഴി സമർപ്പിച്ചത്. സംഗം വിഹാർ സ്വദേശിയായ 20 വയസ്സുള്ള അപൂർവ്വ് ദ്വിവേദി സ്വന്തം പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സമർപ്പിച്ച അപേക്ഷയിൽ മരണപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഹിന്ദു റിപ്പോർട്ട് വ്യക്തമാക്കുന്നു. വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ഉൾപ്പെടുത്തുന്നതിനേക്കാൾ അതിവേഗത്തിലാണ് പേരുകൾ വെട്ടിമാറ്റാനുള്ള അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതെന്നും വിവരമുണ്ട്. ബിജെപിയുടെ നോർത്ത് വെസ്റ്റ് ഡൽഹി എംപി യോഗേന്ദർ ചന്ദോലിയയുടെ മകനാണ് ചിത്രേഷ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന ആൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ബിഎൽഎ ആണെന്ന് രേഖപ്പെടുത്താനുള്ള ക്രമീകരണം പോർട്ടലിൽ ലഭ്യമല്ലെന്നാണ് ചിത്രേഷ് വ്യക്തമാക്കിയത്. കൂടാതെ, പ്രതിദിനം 10 അപേക്ഷകൾ മാത്രമേ നൽകാവൂ എന്നൊരു നിബന്ധന നിലവിലില്ലെന്നാണ് ബിജെപി ബിഎൽഎയുടെ വാദം.
കരട് വോട്ടർ പട്ടിക പുറത്തിറക്കിയ ശേഷം അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബിഎൽഎമാർക്ക് ഒരുമിച്ച് അപേക്ഷകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുന്നുണ്ട്. എങ്കിലും, ഒരു ബിഎൽഎക്ക് ഒരു ദിവസം പരമാവധി 10 ഫോമുകൾ മാത്രമേ കൈമാറാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയുണ്ട്. ഫോം 6 (പേര് ചേർക്കൽ), ഫോം 7 (പേര് നീക്കം ചെയ്യൽ അല്ലെങ്കിൽ ആക്ഷേപം), ഫോം 8 (തിരുത്തലുകൾ വരുത്തൽ) എന്നിവയിലൂടെ ലഭിക്കുന്ന അപേക്ഷകൾ ഡിജിറ്റൈസ് ചെയ്യണമെന്നും, ക്രോഡീകരിച്ച മറ്റ് നിയമപരമായ റിപ്പോർട്ടുകൾക്കൊപ്പം ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) വെബ്സൈറ്റിൽ ദിനംപ്രതി പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ആക്ഷേപങ്ങളും അവകാശവാദങ്ങളും സ്വീകരിക്കാൻ തുടങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും വ്യക്തിഗത അപേക്ഷകളുടെ വിവരങ്ങൾ സിഇഒയുടെ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
കരോൾ ബാഗ് നിവാസികളുടെ പേരിൽ ചിത്രേഷ് സമർപ്പിച്ച മുഴുവൻ ഫോം 7 അപേക്ഷകളിലും 'സ്ഥലത്തില്ല അല്ലെങ്കിൽ സ്ഥിരമായി താമസം മാറി' എന്നാണ് കാരണമായി ചേർത്തതെന്ന് ദി ഹിന്ദു ചൂണ്ടിക്കാട്ടുന്നു. ഈ അപേക്ഷകളിൽ ഉൾപ്പെട്ട ആളുകൾ നിലവിൽ ആ വിലാസത്തിലല്ല കഴിയുന്നതെന്നാണ് ഇയാൾ ന്യായീകരിച്ചത്. എന്നാൽ, ബിജെപി ബിഎൽഎ സമർപ്പിച്ച ഫോം 7-ലെ മേൽവിലാസങ്ങൾ നേരിട്ട് പരിശോധിച്ച ദി ഹിന്ദു പ്രതിനിധി, രേഖയിലുള്ള അതേ വിലാസത്തിൽത്തന്നെ കർനൈൽ സിംഗ് എന്ന വ്യക്തി താമസിക്കുന്നതായി കണ്ടെത്തി. എന്നാൽ ഈ വോട്ടർ തന്റെ ബൂത്ത് പരിധിയിൽ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നത് എന്നതുകൊണ്ടാണ് പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ചിത്രേഷ് ഇതിന് മറുപടി നൽകിയത്.





