മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ ഒരു മാസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ വിൽപന നടത്തിയ ലിവ്-ഇൻ പങ്കാളികൾ പിടിയിൽ. ഒരു ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ കുഞ്ഞിനെ കൈമാറിയത്. കേസിൽ കുട്ടിയുടെ മാതാപിതാക്കളെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിൽ വെച്ചാണ് അന്വേഷണ സംഘം കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയത്. ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിൽപ്പനയിലൂടെ ലഭിച്ച തുക ഉപയോഗിച്ച് വിലകൂടിയ മൊബൈൽ ഫോണും സ്വർണ്ണമാലയും ഇവർ വാങ്ങുകയാണുണ്ടായത്.
പങ്കാളി തന്നെ മർദ്ദിച്ചെന്ന് കാണിച്ച് സെപ്റ്റംബർ 20-ന് കുഞ്ഞിന്റെ അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ ശിശുവിൽപ്പന പുറത്തറിയുന്നത്. ഇതിനുമുൻപും നാല് തവണ ഇവർ കുട്ടിയെ വിൽക്കാൻ നീക്കം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സീമ റെഷ്വാൾ എന്ന ഇടനിലക്കാരിക്കാണ് ദമ്പതികൾ 1.2 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ആദ്യം വിറ്റത്. തുടർന്ന് സീമ പാടേഗൺ സ്വദേശിയായ സംഗീത അവ്ഹദ് എന്ന സ്ത്രീക്ക് 2.7 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ മറിച്ചുവിറ്റു. അവിടെയും നിൽക്കാതെ സുരേഷ് ഗുണ്ടുക എന്ന വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്ക്ക് സംഗീത കുഞ്ഞിനെ കൈമാറുകയായിരുന്നു. ഈ വ്യാജ ഡോക്ടർ ഇതേ തുക വാങ്ങി ഹൈദരാബാദിലുള്ള തന്റെ ബന്ധു ഉമ ഖട്കത്തിന് കുട്ടിയെ കൈമാറി. ഇവിടെയെത്തിയാണ് ഒടുവിൽ പോലീസ് സംഘം കുഞ്ഞിനെ മോചിപ്പിച്ചത്.
സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളും ഇടനിലക്കാരായി പ്രവർത്തിച്ച അഞ്ചുപേരും ഉൾപ്പെടെ ഏഴുപേരെയാണ് പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഇവർ സ്വന്തമാക്കിയ ആഡംബര മൊബൈൽ ഫോണും സ്വർണ്ണ ചെയിനും പോലീസ് കണ്ടുകെട്ടി. അറസ്റ്റിലായ ഇടനിലക്കാർ ഇതിനുമുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് സംഘം സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.





