കൊൽക്കത്ത: കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ആർഎഫ്ടിഐ) വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ അക്രമത്തിൽ രൂക്ഷപ്രതികരണവുമായി പ്രമുഖ ബോളിവുഡ് ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ്. 'ഇതിനുവേണ്ടിയാണ് അവർ ബംഗാളിൽ വോട്ടുകൾ മോഷ്ടിച്ചത്' എന്ന രൂക്ഷമായ വാചകം പങ്കുവെച്ച അദ്ദേഹം, മർദ്ദനത്തിനിരയായ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഔദ്യോഗിക പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം.
മലയാള സംവിധായകൻ അമൽ നീരദും ആക്രമണം നേരിട്ട വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. കൂടാതെ, തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഡിഎസ്എഫ്എഫ്‌കെ (IDSFFK) വേദിയിലും കൊൽക്കത്തയിലെ വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്യാമ്പസിൽ ആർഎസ്എസ് അനുകൂല സംഘടന നടത്തിയ പരിപാടിയെത്തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മുപ്പതോളം പേർക്കും രണ്ട് അധ്യാപകർക്കും പരിക്കേറ്റിരുന്നു.
പുറത്തുനിന്നുള്ള ഒരു സംഘടനയ്ക്ക് ക്യാമ്പസ് വേദി വിട്ടുനൽകിയതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ ചോദ്യങ്ങളുന്നയിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. മുൻകൂട്ടി അറിയിക്കാതെ സംഘടിപ്പിച്ച പരിപാടി വിദ്വേഷ പ്രചാരണത്തിനായാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതോടെ പരിപാടിയുടെ സംഘാടകർ വിദ്യാർത്ഥികൾക്ക് നേരെ തിരിയുകയും കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. വിദ്യാർത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 'ആർഎസ്എസ് ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയർത്തിയാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം നയിച്ചത്.
ആർഎസ്എസ് അനുകൂല സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ (എബിജിപി) ഉപഭോക്തൃ ബോധവൽക്കരണ പരിപാടിക്കായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന തിയേറ്റർ ഓഡിറ്റോറിയം വിട്ടുനൽകിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി ബംഗാളിൽ അധികാരത്തിലേറുന്നതുവരെ ചലച്ചിത്ര-ടെലിവിഷൻ പഠന പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ കാമ്പസ്, കഴിഞ്ഞ നാല് മാസമായി രാഷ്ട്രീയ ഒത്തുചേരലുകൾക്ക് വാടകയ്ക്ക് നൽകുന്ന കേന്ദ്രമായി മാറിയെന്ന് ആക്ഷേപമുണ്ട്. ഞായറാഴ്ച അവധി ദിനമായതിനാലാണ് 15,000 രൂപ ഫീസ് അടച്ച് തിയേറ്റർ ബുക്ക് ചെയ്തതെന്നാണ് സംഘാടകരുടെ വിശദീകരണം.
എന്നാൽ, ഞായറാഴ്ചകളിലും ഇൻസ്റ്റിറ്റ്യൂട്ട് സജീവമാണെന്നും പ്രാക്ടിക്കൽ പ്രൊജക്ടുകൾക്കായി വിദ്യാർത്ഥികൾ ഈ ഓഡിറ്റോറിയം നിരന്തരം ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞിട്ടും അധികൃതർ ഇത് മറച്ചുവെച്ച് പരിപാടിക്ക് അനുമതി നൽകുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികളെ സംഘാടകർ പാറ്റകളെന്നും രാജ്യദ്രോഹികളെന്നും ബംഗ്ലാദേശികളെന്നും വിളിച്ച് ആക്ഷേപിക്കുകയും നിഷ്ഠൂരമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവേശന കവാടം പൂട്ടി വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ രാത്രി വൈകിയും സംഘർഷാവസ്ഥ നിലനിന്നു. വിദ്യാർത്ഥികൾ പ്രതിരോധിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി എബിജിപി പ്രവർത്തകർ ആയുധങ്ങളോടെയാണ് എത്തിയതെന്നും ആരോപണമുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാതെ പോലീസ് വാഹനങ്ങൾ പുറത്തുവിടില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തു. സംഭവത്തിൽ വൈകുന്നേരത്തോടെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു; ഇതിൽ രണ്ടെണ്ണം എബിജിപി നൽകിയ പരാതിയിലും ഒരെണ്ണം എസ്ആർഎഫ്ടിഐ വിദ്യാർത്ഥികളുടെ പരാതിയിലുമാണ്.





