ന്യൂഡൽഹി: ഡൽഹിയിലെ ബെല എസ്റ്റേറ്റിൽ നിലവിലുണ്ടായിരുന്ന 728 സമ്മതിദായകരിൽ എസ്ഐആർ (SIR) നടപടികൾക്ക് ശേഷം പട്ടികയിൽ ബാക്കിയായത് ഒരാൾ മാത്രമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദശാബ്ദങ്ങളായി ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരും 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും 2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചവരുമായ സാധാരണക്കാരെ വോട്ടർപട്ടികയിൽ നിന്ന് പൂർണ്ണമായി വെട്ടിമാറ്റിയതിനെ അദ്ദേഹം രൂക്ഷമായി ചോദ്യം ചെയ്തു. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി (എസ്ഡിഎം) ഫോണിൽ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
2023-ൽ ഇവരുടെ പാർപ്പിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നുവെങ്കിലും ഇവർ മറ്റെങ്ങും പോകാതെ ഇതേ പ്രദേശത്ത് തന്നെയാണ് തുടർന്നും വസിക്കുന്നതെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. 'ഒരു പൗരന് വാസസ്ഥലം ഉണ്ടോ ഇല്ലയോ എന്നത് വോട്ടവകാശത്തെ ബാധിക്കുന്ന വിഷയമേയല്ല. വീടില്ലാത്തവർക്കായി 'ഹൗസ് നമ്പർ സീറോ' അനുവദിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും 727 സാധാരണക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കി' എന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു എസ്ഐആർ പ്രക്രിയയല്ല, മറിച്ച് വ്യക്തമായ 'വോട്ട് കവർച്ച' (വോട്ട് ചോരി) തന്നെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാർ പദവി ഒഴിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തിലുള്ള ക്രമക്കേടുകൾ ചെയ്യിച്ച ഭരണസംവിധാനം ഇതിന് കൃത്യമായ മറുപടി പറയേണ്ടിവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഗ്യാനേഷ് കുമാർ സ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ജന്തർ മന്തർ മാതൃകയിൽ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദി ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം പുറത്തുവിട്ട അന്വേഷണാത്മക പരമ്പരയെത്തുടർന്നാണ് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാജ്യവ്യാപക രോഷം പടർന്നത്. രാജ്യത്തുടനീളം നടന്ന വോട്ടർപട്ടിക പുനഃപരിശോധനാ നടപടികളിൽ കമ്മീഷൻ കൈക്കൊണ്ട വിവാദ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചുരുങ്ങിയത് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് ആ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്.





