Malayali Media
India

നാല് വർഷത്തിനിടെ 111 ജനപ്രതിനിധികൾ കൂറുമാറി; പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ ബിജെപി രണ്ടാമത്; പട്ടികയിൽ കേരളമില്ല

Admin User26 Sept 202627 views 3 min read
നാല് വർഷത്തിനിടെ 111 ജനപ്രതിനിധികൾ കൂറുമാറി; പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ ബിജെപി രണ്ടാമത്; പട്ടികയിൽ കേരളമില്ല
Advertisement

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് 111 ജനപ്രതിനിധികൾ പാർട്ടി മാറ്റം നടത്തിയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും ആധാരമാക്കിയാണ് ഈ കണക്കെടുപ്പ് നടത്തിയത്. പാർട്ടി വിട്ടവരിൽ ലോക്സഭാംഗങ്ങളായ 22 പേരും രാജ്യസഭാംഗങ്ങളായ ഏഴ് പേരും 78 എം.എൽ.എമാരും ഉൾപ്പെടുന്നു. ഈ കൂറുമാറ്റ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു ജനപ്രതിനിധിയും ഉൾപ്പെട്ടിട്ടില്ല. ഏറ്റവും കൂടുതൽ കൂടുമാറ്റം അരങ്ങേറിയത് നാഗാലാൻഡിലാണ്; എംപിമാരും എംഎൽഎമാരുമുൾപ്പെടെ 32 പേർ (29%) ഇവിടെ പാർട്ടി വിട്ടു. 20 ജനപ്രതിനിധികൾ (18%) കൂറുമാറിയ പശ്ചിമബംഗാളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി), തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പ്രസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സാമാജികർ പുറത്തേക്ക് പോയത്. എൻ.ഡി.പി.പിയിൽ നിന്ന് 25 പേരും തൃണമൂലിൽ നിന്ന് 20 പേരും കോൺഗ്രസിൽ നിന്ന് 19 പേരും മറുചേരിയിലേക്ക് മാറി. ആകെ കൂറുമാറിയ 111 പേരിൽ 64 പേരും (58%) ഈ മൂന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ബി.ആർ.എസ്-9, ആം ആദ്മി പാർട്ടി-7, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-7, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം)-6, ജനതാദൾ (യുണൈറ്റഡ്)-5, നാഷണൽ പീപ്പിൾസ് പാർട്ടി-4 എന്നിങ്ങനെയാണ് മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും പാർട്ടിവിട്ട സാമാജികരുടെ കണക്കുകൾ.

അതേസമയം, എൻ.ഡി.പി.പി 2025-ൽ എൻ.പി.എഫിൽ ലയിച്ചിരുന്നു. ഇതോടെ എൻ.ഡി.പി.പിയിൽ നിന്നുള്ള 25 എം.എൽ.എമാർ എൻ.പി.എഫിന്റെ ഭാഗമായി മാറി. നാഗാലാൻഡിലെ എൻ.സി.പിയിൽ നിന്ന് ഏഴ് പേർ കൂടി കടന്നുവന്നതോടെ ഏറ്റവും കൂടുതൽ പുതിയ സാമാജികർ എത്തിയ രാഷ്ട്രീയ പ്രസ്ഥാനമായി എൻ.പി.എഫ് മാറി. കൂടുതൽ സാമാജികർ പുതുതായി എത്തിയ പാർട്ടികളിൽ രണ്ടാം സ്ഥാനം ബിജെപിക്കാണ്. ബിജെപിയിലേക്ക് 29 പേർ (26%) എത്തിയപ്പോൾ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിലേക്ക് 20 ജനപ്രതിനിധികളാണ് എത്തിയത്. മറ്റു കക്ഷികളിൽ നിന്ന് ഇക്കാലയളവിൽ കോൺഗ്രസിലേക്ക് ഒൻപത് പേർ കൂറുമാറിയെത്തി. എൻ.പി.പിയിലേക്ക് ആറ് പേരും അരുണാചൽ പീപ്പിൾസ് പാർട്ടിയിലേക്ക് നാല് പേരും ചേർന്നു. എൻ.പി.എഫ്, ബിജെപി, എൻ.സി.പി.ഐ എന്നീ പാർട്ടികളിലേക്ക് മാത്രമായി ആകെ 81 സാമാജികരാണ് ഇക്കാലയളവിൽ എത്തിച്ചേർന്നത്.

Advertisement

Comments

Add a Comment

Our Channels

നാല് വർഷത്തിനിടെ 111 ജനപ്രതിനിധികൾ കൂറുമാറി; പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ ബിജെപി രണ്ടാമത്; പട്ടികയിൽ കേരളമില്ല | Malayali Media