ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ബാങ്കുകൾ വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കുമെന്ന് അറിയിപ്പ്. സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പ്രത്യേക ക്രമീകരണം. ഞായറാഴ്ച ശാഖകൾ തുറന്നുപ്രവർത്തിക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകി. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ച മുതലുള്ള സമരം അനിവാര്യമായി മാറിയത്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർ. നിലവിൽ തീരുമാനിച്ച മൂന്ന് ദിവസത്തെ (സെപ്റ്റംബർ 28-30) പണിമുടക്കിന് പുറമെ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് ദിനങ്ങൾ നാലാം ശനിയും ഞായറാഴ്ചയുമാണ്. ഇതുംകൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ചു ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ സ്തംഭിക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഞായറാഴ്ച ശാഖകൾ പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് ഈ പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. സെപ്റ്റംബർ 30 ബാങ്കുകളുടെ അർദ്ധവാർഷിക അക്കൗണ്ട് ക്ലോസിംഗ് നടക്കുന്ന സുപ്രധാന ദിനമാണ്. ട്രഷറി ഇടപാടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഏറെ പ്രാധാന്യമുള്ള തീയതിയായതിനാൽ, അക്കൗണ്ട് സെറ്റിൽമെന്റുകളെയും വിപണി പ്രവർത്തനങ്ങളെയും സമരം കാര്യമായി ബാധിച്ചേക്കും.
അതേസമയം, സർക്കാർ തലത്തിലുള്ള ഇടപാടുകൾ നിർവ്വഹിക്കുന്ന പ്രധാന ബ്രാഞ്ചുകൾ പണിമുടക്ക് ദിനങ്ങളിലും തുറന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ സമരം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നേരിടാൻ ധനമന്ത്രാലയം പ്രത്യേക 'വാർ റൂം' സജ്ജീകരിക്കും. സമരസ്ഥിതി വിലയിരുത്താൻ മോണിറ്ററിംഗ് സമിതികൾ യോഗം ചേരണമെന്നും, കറൻസി ചെസ്റ്റുകൾ, ക്ലിയറിംഗ് സെന്ററുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണതോതിൽ നടക്കണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
അടിയന്തര ബാങ്കിംഗ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും പരമാവധി ഡിജിറ്റൽ ഇടപാടുകളെ ആശ്രയിക്കാനും ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെട്ടു. ശാഖകളിലെ സേവനങ്ങൾ മുടങ്ങുമെങ്കിലും ഓൺലൈൻ, എ.ടി.എം സംവിധാനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. സമരം കണക്കിലെടുത്ത് എ.ടി.എമ്മുകളിൽ മുൻകൂട്ടി പണം നിറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.





