ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത 'ഛാത്രോം കി ഗൂഞ്ച്' വേദിയിൽ പ്രധാനമന്ത്രിയെ അനുകരിച്ചതിന്റെ പേരിൽ തനിക്ക് നേരെ തുടർച്ചയായി ഭീഷണികൾ ഉയരുന്നതായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പുൽകിത് മണി. ഇതേത്തുടർന്ന് ഉത്തർപ്രദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് സ്റ്റേജ് പരിപാടികൾ റദ്ദാക്കിയതായി അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചു നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുൽകിത് മണി അനുകരിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതോടെ യു.പിയിലെ നോയിഡ, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ ക്രമീകരിച്ചിരുന്ന ഷോകള്‍ ഉപേക്ഷിക്കാൻ താരം നിർബന്ധിതനാവുകയായിരുന്നു.
അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണമാണ് നോയിഡയിലെ പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പുൽകിത് മണി വ്യക്തമാക്കി. പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നതായും കാണികളുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയെ അനുകരിച്ചതിന് പിന്നാലെ തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് പരിപാടികൾ വേണ്ടെന്നുവെച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
അതേസമയം, സംഭവത്തിൽ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് ഇപ്പോൾ ഒരു സർക്കസ് കൂടാരമായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി നിരാശനായ ഒരു അമ്മാവന്റെ അവസ്ഥയിലാണെന്നും ബി.ജെ.പി പരിഹസിച്ചു. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ദുരുപയോഗം ചെയ്യാൻ രാഹുൽ ഗാന്ധി ഇടയ്ക്കിടെ ഇത്തരം വേദികളിൽ എത്തുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. കോൺഗ്രസ് ഇപ്പോൾ 'കോമാളികളുടെയും വിദൂഷകരുടെയും പാർട്ടിയായി' അധഃപതിച്ചുവെന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ പ്രതികരണം.





