ന്യൂഡൽഹി: തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് എസ്.ഐ.ആർ (SIR) നോട്ടീസുകൾ അയച്ച് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ. എൽ.കെ. അദ്വാനി, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, കപിൽ സിബൽ, രേഖ ഗുപ്ത എന്നിവരടക്കമുള്ള പ്രമുഖർക്കാണ് നോട്ടീസ് ലഭിച്ചത്. അർഹതയുള്ള ഒരു വോട്ടറും എസ്.ഐ.ആർ പ്രക്രിയയിലൂടെ പട്ടികയ്ക്ക് പുറത്താകില്ലെന്നും, യോഗ്യതയില്ലാത്ത ആരും അനധികൃതമായി കടന്നുകൂടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനല്ല ഈ നോട്ടീസുകൾ നൽകിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ബി.ജെ.പി നേതാവ് വീരേന്ദ്ര സച്‌ദേവയ്ക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മുൻ വോട്ടർപട്ടികയുമായി വിവരങ്ങൾ ഒത്തുനോക്കുമ്പോൾ കൃത്യമായി പൊരുത്തപ്പെടാത്തവർക്കും വിവരങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉള്ളവർക്കുമാണ് നോട്ടീസ് നൽകുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ച് പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ നിലനിർത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന എസ്.ഐ.ആർ പരിശോധനയ്ക്കിടെ വി.ഐ.പികൾക്കും പ്രമുഖ വ്യക്തികൾക്കും നോട്ടീസ് ലഭിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഔദ്യോഗിക പ്രതികരണം.
നവംബർ നാലിനാണ് എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കി ഡൽഹിയിലെ അന്തിമ വോട്ടർപട്ടിക ഔദ്യോഗികമായി പുറത്തിറക്കുന്നത്. നേരത്തെ 47.5 ലക്ഷം പേരുകൾ നീക്കം ചെയ്താണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. തുടർന്ന് കരട് പട്ടികയിൽ ഇടംനേടിയ 97.5 ലക്ഷം വോട്ടർമാരിൽ 33.12 ലക്ഷം പേർക്കാണ് വിശദീകരണവും രേഖകളും ആവശ്യപ്പെട്ട് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.





