സോണിപത്ത്: മൂന്ന് മാസം പ്രായമെത്തിയ ഇരട്ട പെൺമക്കളുടെ നാമകരണ ചടങ്ങിൽ സംബന്ധിക്കുന്നതിനായി കുപ്രസിദ്ധ ഗുണ്ടാത്തലവൻ സന്ദീപ് എന്ന കാലാ ജതേദിക്ക് കോടതി പരോൾ അനുവദിച്ചു. വൻ പോലീസ് സുരക്ഷാ സന്നാഹങ്ങളോടെ ഹരിയാനയിലെ സോണിപത്തിലുള്ള റായ് മേഖലയിലെ സ്വന്തം ഗ്രാമത്തിലേക്കാണ് ഇയാളെ കൊണ്ടുവന്നത്.
ആറ് മണിക്കൂർ നീളുന്ന ഹ്രസ്വകാല പരോളാണ് കാലാ ജതേദിക്ക് ലഭിച്ചത്. ജന്മനാട്ടിലെത്തിയ ഇയാളെ വാദ്യമേളങ്ങളുടെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടെയാണ് പ്രദേശവാസികൾ എതിരേറ്റത്. പരോളിൽ എത്തിക്കുന്നതിനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും കാലാ ജതേദിയുടെ കുടുംബം തന്നെയാണ് വഹിച്ചത്.
മൂന്ന് മാസം മുൻപായിരുന്നു ഇയാളുടെ ഭാര്യ അനുരാധ ചൗധരി ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കുടുംബത്തോടൊപ്പമുള്ള വിശേഷ അവസരങ്ങളിൽ പങ്കെടുക്കാൻ ഇയാൾക്ക് തടവിൽ നിന്ന് ഇളവ് ലഭിക്കുന്നത് ഇതാദ്യമല്ല. കുട്ടികൾ ജനിച്ച ജൂലൈ മാസത്തിൽ നാല് മണിക്കൂർ നേരത്തേക്ക് കാലാ ജതേദിക്ക് പരോൾ അനുവദിക്കപ്പെട്ടിരുന്നു. അതിനു മുൻപ്, 2024-ൽ സ്വന്തം വിവാഹത്തിനും തുടർന്ന് മാതാവിന്റെ വിയോഗത്തെത്തുടർന്നുമായി രണ്ട് തവണ ഇയാൾക്ക് പരോൾ ലഭിച്ചിട്ടുണ്ട്.
ഗുരുതരമായ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾ ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. കൊലപാതകം, വധശ്രമം, പിടിച്ചുപറി തുടങ്ങിയ വകുപ്പുകളിലായി 31-ലധികം ഗുരുതര ക്രിമിനൽ കേസുകൾ ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ നിലവിലുണ്ട്.





