ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ സ്വരൂപ് നഗറിൽ പതിനാറ് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം നാല് പേരെ പോലീസ് പിടികൂടി. പിടിയിലായ പതിനേഴുകാരൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്താണ്. ഇയാളാണ് പെൺകുട്ടിയെ ആദ്യം ഉപദ്രവിച്ചതെന്നും, തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് വരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള ഒരു പാടത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തുന്നത്. വലതു കൈ നഷ്ടപ്പെട്ട അവസ്ഥയിലും മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ശരീരത്തിൽ എട്ടോളം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. മറ്റൊരു സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെക്കൊണ്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നും, മൃതദേഹത്തിന്റെ ഭാഗങ്ങൾ മൃഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നതിനാൽ പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ടി. തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് കുടുംബാംഗങ്ങളെ കണ്ടെത്താനായത്. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആർ. ലോകേശ്വരൻ, എ.സി.പി രവീന്ദർ അഹൽവാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രദേശത്തെ അൻപതോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിലൂടെയാണ് നിർണ്ണായക വഴിത്തിരിവ് ലഭിച്ചത്. ഒരു ടെമ്പോ വാഹനത്തിലാണ് സംഘം മൃതദേഹം കൊണ്ടുവന്ന് തള്ളിയതെന്ന് കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അവ്യക്തമായിരുന്നെങ്കിലും തുടരന്വേഷണത്തിലൂടെ വാഹന ഉടമയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്റെ പതിനേഴുകാരനായ സഹോദരനാണ് പ്രസ്തുത വാഹനം കൊണ്ടുപോയതെന്ന് ഇയാൾ മൊഴി നൽകി.
വെള്ളിയാഴ്ച രാത്രി സുഹൃത്തായ പതിനേഴുകാരനെ കാണാനാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരം മറ്റുള്ളവരോട് തുറന്നുപറയുമെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ ഇയാൾ സുഹൃത്തുക്കളെ ഫോൺ ചെയ്തു വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് എത്തിയവരും പെൺകുട്ടിയെ പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. പത്തൊൻപതുകാരനായ ശിവം ഗണേഷ്, പതിനേഴും പതിനാറും വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പേർ എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കൃത്യം നടത്തുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്കൂൾ പഠനം പാതിവഴിയിൽ നിർത്തിയ പെൺകുട്ടി ജോലി തേടിയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വരൂപ് നഗറിലെത്തിയത്. തൊഴിൽ കണ്ടെത്തുന്നതിനായി മാതാപിതാക്കളിൽ നിന്നും വേറിട്ടാണ് പെൺകുട്ടി താമസിച്ചിരുന്നത്.





