കാലപേട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പോണ്ടിച്ചേരി സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. സർവ്വകലാശാലാ കാമ്പസിൽ 'നോ യുവർ പി.എം' (Know Your P M) എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സംവാദത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിൽ സംശയങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികളെ അധികൃതർ തടഞ്ഞതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ, സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. പി. പ്രകാശ് ബാബു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്ന സമയത്താണ് ചോദ്യങ്ങൾ ചോദിക്കാൻ കൈയുയർത്തിയ വിദ്യാർത്ഥികൾക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും മൈക്രോഫോൺ പ്രവർത്തനരഹിതമാക്കുകയും ചെയ്തത്. അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ തടഞ്ഞുവെക്കുകയും തുടർന്ന് ഹാളിൽ നിന്നും നിർബന്ധപൂർവ്വം പുറത്താക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
പോണ്ടിച്ചേരി സർവ്വകലാശാലാ എസ്.എഫ്.ഐ ജോയിന്റ് സെക്രട്ടറി അരുന്ധതി വിദ്യാർത്ഥികളുടെ പ്രതിനിധിയെന്ന നിലയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തുനിഞ്ഞ വേളയിലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. സംശയങ്ങൾ ചോദിച്ചറിയാനുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ സർവ്വകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തി.





