ലഖ്‌നൗ: അത്യാസന്ന നിലയിലായ നവജാതശിശുവുമായി കുതിച്ച ആംബുലൻസ് സാങ്കേതിക തകരാറിലായി പാതിവഴിയിൽ നിലച്ചതോടെ, കുഞ്ഞിനെ സ്വന്തം ബൈക്കിലേറ്റി അതിവേഗം ആശുപത്രിയിലെത്തിച്ച് മാതൃകയായി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ചിത്രകൂട്ടിലാണ് ഈ നാടകീയ സംഭവം നടന്നത്. ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കുഞ്ഞുമായി നീങ്ങിയ വാഹനമാണ് വഴിമധ്യേ നിന്നുപോയത്. വാഹനം വീണ്ടും പ്രവർത്തിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ, ട്രാഫിക് കോൺസ്റ്റബിളായ അജയ് യാദവ് കുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും ബൈക്കിലിരുത്തി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഒട്ടും വൈകാതെ വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞതിനാലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു.
മണിക്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നാണ് തുടർചികിത്സയ്ക്കായി 108 ആംബുലൻസ് വഴി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ആംബുലൻസ് നിലച്ചയുടൻ നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് വാഹനം തള്ളി സ്റ്റാർട്ടാക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കും ആംബുലൻസ് സർവീസുകൾക്കുമെതിരെ രൂക്ഷമായ ജനരോഷമാണ് ഉയരുന്നത്. 102, 108 ആംബുലൻസ് സർവീസുകളുടെ ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥരുമായി വിഷയം സംസാരിച്ചതായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ആംബുലൻസുകളുടെ ഫിറ്റ്നസും പ്രവർത്തനക്ഷമതയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





