ന്യൂഡൽഹി: ലിംഗപരമായ വിവേചനം കാണിച്ച് ഹരിയാന സ്വദേശിനിയായ സ്ത്രീക്ക് ജോലി നൽകാതിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ (ഐ.ഒ.സി) രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരാതിക്കാരിക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരമായി ഐ.ഒ.സി നൽകാൻ പരമോന്നത കോടതി ഉത്തരവിട്ടു. 1988-ലായിരുന്നു എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലെ ഹെൽപ്പർ തസ്തികയിലേക്ക് ഇവർക്ക് നിയമനം ലഭിക്കുന്നത്. എന്നാൽ ഗ്യാസ് സിലിണ്ടറുകൾ ഉയർത്തുന്നതുൾപ്പെടെയുള്ള കഠിനമായ ജോലികൾ ചെയ്യാൻ സ്ത്രീകൾ യോഗ്യരല്ലെന്ന് വിചിത്ര വാദം ഉന്നയിച്ച് ഇവരെ ഒഴിവാക്കുകയായിരുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ സ്ത്രീയെന്ന കാരണത്താൽ അവസരം നിഷേധിക്കുന്നത് സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കവേ ഐ.ഒ.സിയുടെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ, പുരുഷന്മാർ വീട്ടിൽ ഇല്ലാത്ത നേരങ്ങളിൽ പോലും ഗ്യാസ് സിലിണ്ടറുകൾ ചുമക്കുന്നതും മാറ്റിസ്ഥാപിക്കുന്നതുമെല്ലാം സ്ത്രീകളാണ്. ഈ യാഥാർത്ഥ്യം നിലനിൽക്കെയാണ് സ്ത്രീയാണെന്ന കാരണം പറഞ്ഞ് തൊഴിൽ നിഷേധിച്ചത്; ഇത് സ്ത്രീത്വത്തെ കടുത്ത രീതിയിൽ അവഹേളിക്കലാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പട്ടികജാതി (എസ്.സി) വിഭാഗത്തിൽ നിന്നുള്ള, ഹരിയാന കർണാൽ സ്വദേശിനിയായ സുമിത്രയാണ് നീതി തേടി കോടതിയെ സമീപിച്ചത്. 63 വയസ്സുള്ള സുമിത്ര, 38 വർഷങ്ങൾക്ക് മുൻപാണ് ഐ.ഒ.സിയിലെ ഹെൽപ്പർ ജോലിക്കായുള്ള 49 അംഗ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നത്. തുടർന്ന് 43 പേരെ ജോലിയിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ സ്ത്രീയായതിനാലാണ് തഴയപ്പെട്ടതെന്ന മറുപടിയാണ് സുമിത്രയ്ക്ക് ലഭിച്ചത്. ജോലിയുടെ കാഠിന്യവും തൊഴിലിടത്തിലെ അന്തരീക്ഷവും വ്യത്യസ്തമായ ജോലി ഷിഫ്റ്റുകളും പരിഗണിക്കുമ്പോൾ സ്ത്രീയായ ഹർജിക്കാരിക്ക് ഈ ജോലി നൽകാനാവില്ലെന്നായിരുന്നു ഐ.ഒ.സി സുപ്രീം കോടതിയിൽ നിരത്തിയ വാദം.
1990-ൽ ഹർജിക്കാരിക്ക് മറ്റൊരു അനുയോജ്യമായ തസ്തികയിൽ ജോലി നൽകണമെന്ന് വിചാരണക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഐ.ഒ.സി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും 2025 ഒക്ടോബറിൽ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെയാണ് സുമിത്ര സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജിക്കാരിയുടെ വിരമിക്കൽ പ്രായം കഴിഞ്ഞതും നീതിക്കായി നാല് പതിറ്റാണ്ടോളം ദീർഘകാല നിയമപോരാട്ടം നടത്തേണ്ടി വന്നതും കണക്കിലെടുത്താണ് ഒറ്റത്തവണ തീർപ്പാക്കലായി 12 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറാൻ സുപ്രീം കോടതി വിധിച്ചത്.





