ന്യൂഡൽഹി: സിവൽ സർവീസ് പരീക്ഷാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനായി പങ്കുവെച്ച വീഡിയോയിൽ ഇസ്‌ലാമിക പദങ്ങൾ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥാനത്തുനിന്ന് മാറ്റി. ഖരഗ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) പദവിയിൽ സേവനമനുഷ്ഠിച്ചിരുന്ന ബുഷ്ര ബാനോയ്‌ക്കെതിരെയാണ് സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്.
യു.പി.എസ്.സി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ കീഴിലുള്ള റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ നിന്നും തനിക്ക് ലഭിച്ച മാർഗ്ഗനിർദ്ദേശങ്ങളെയും പിന്തുണയെയും കുറിച്ച് വിവരിക്കുന്ന വീഡിയോ ഞായറാഴ്ച ബുഷ്ര ബാനോ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അസാധാരണമായ അച്ചടക്ക നടപടിയുണ്ടായത്. ഹിന്ദു നെറ്റ്‌വർക്ക് ഫൗണ്ടേഷൻ എന്ന സംഘടന ബംഗാൾ ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. വീഡിയോയിൽ 'ജയ് ഹിന്ദ്' അല്ലെങ്കിൽ 'വന്ദേമാതരം' തുടങ്ങിയ ദേശീയ മുദ്രാവാക്യങ്ങൾ ഉപയോഗിക്കാതെ 'അസ്സലാമു അലൈക്കും' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയതെന്നാണ് പരാതിക്കാരുടെ പ്രധാന ആരോപണം.
'അവർ അസ്സലാമു അലൈക്കും, ഇൻഷാ അള്ളാ, ജസക്കല്ല തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചു; എന്നാൽ വന്ദേമാതരമോ ജയ് ഹിന്ദോ പരാമർശിച്ചില്ല. ഒരു ഇന്ത്യൻ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ നിഷ്പക്ഷത പുലർത്തേണ്ടതുണ്ട്, ഒപ്പം പൊതു ആശയവിനിമയങ്ങളിൽ ദേശീയ പദങ്ങൾ വേണം ഉപയോഗിക്കാൻ. വിഷയത്തിൽ കൃത്യമായ പരിശോധനയും ഉചിതമായ നടപടിയും ആവശ്യപ്പെടുന്നു,' എന്ന് ഹിന്ദു നെറ്റ്‌വർക്ക് ഫൗണ്ടേഷൻ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
താൻ സിവിൽ സർവീസ് പദവിയിലേക്ക് എത്തിയ അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ബുഷ്ര ബാനോ എക്സിൽ വീഡിയോ പങ്കുവെച്ചത്. സിവിൽ സർവീസ് പ്രവേശനത്തിനായി അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമി നൽകിയ സഹായങ്ങൾ അവർ അതിൽ വിശദീകരിക്കുന്നുണ്ട്. അക്കാദമിയിലെ പുസ്തകങ്ങളും ലൈബ്രറി സൗകര്യങ്ങളും മോക്ക് ടെസ്റ്റുകളും തന്റെ പരീക്ഷാ തയ്യാറെടുപ്പുകൾക്ക് വലിയ പിന്തുണയായെന്നും, മറ്റു വിദ്യാർത്ഥികളും ഈ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അവർ നിർദ്ദേശിച്ചു. തന്നെപ്പോലെ കൂടുതൽ ഉദ്യോഗാർത്ഥികൾ ഈ മേഖലയിലേക്ക് കടന്നുവരണമെന്നും അവർ വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു.





