ചെന്നൈ: തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നടപടികൾ തുടരാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി ഉത്തരവ്. ധാരാപുരം, മധുരാന്തകം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ. സുധൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി.
നേരത്തെ ഇതേ മണ്ഡലങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളായി വിജയിച്ച ജനപ്രതിനിധികളാണ് ഇപ്പോൾ ടി.വി.കെ ടിക്കറ്റിൽ ജനവിധി തേടാൻ ഒരുങ്ങുന്നത്. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ വഴി പൊതുഖജനാവിലെ പണം പാഴാക്കുന്നത് തടയണമെന്നും, രാജി സമർപ്പിച്ച ശേഷം വീണ്ടും മത്സരരംഗത്തിറങ്ങുന്നവരിൽ നിന്നും തെരഞ്ഞെടുപ്പ് ചെലവുകൾ ഈടാക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. കൂടാതെ, ഇത്തരക്കാർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മത്സരിക്കുന്നതിന് അയോഗ്യത ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ പ്രക്രിയയിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇതിനിടെ, ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കളത്തിലിറങ്ങാൻ തീരുമാനിച്ച ഇടത് പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ധാരപുരത്ത് സി.പി.ഐയും മധുരാന്തകത്ത് സി.പി.ഐ.എമ്മുമാണ് ജനവിധി തേടുന്നത്. ധാരാപുരത്ത് ലക്ഷ്മണൻ സി.പി.ഐ സ്ഥാനാർത്ഥിയായും മധുരാന്തകത്ത് സുഗന്ധി സി.പി.ഐ.എം സ്ഥാനാർത്ഥിയായും മത്സരിക്കും.
വിജയ് നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കക്ഷികൾ തന്നെയാണ് ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെ മുന്നണിക്കെതിരെ നേരിട്ട് പോരാടുന്നത്. തെരഞ്ഞെടുക്കപ്പെട്ട് വെറും ഇരുപതാം നാൾ അണ്ണാ ഡി.എം.കെ എം.എൽ.എമാർ രാജി സമർപ്പിച്ചത് തികച്ചും അധാർമ്മികമാണെന്നും ജനങ്ങളുടെ മേൽ അനാവശ്യമായി തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയാണെന്നും വിമർശിച്ചാണ് ഇടതുകക്ഷികൾ മത്സരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. എങ്കിലും, ഭരണതലത്തിൽ വിജയ് സർക്കാരിന് നൽകിവരുന്ന പിന്തുണ തുടർന്നും നിലനിൽക്കുമെന്ന ഇടത് പാർട്ടികളുടെ നിലപാട് ഭരണപക്ഷത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.





