ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭാ പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. മിസ തടവുകാലത്തെക്കുറിച്ചുള്ള പരാമർശത്തിനിടയിൽ താടിയിൽ കൈവെച്ച് വിജയ് കാണിച്ച ആംഗ്യമാണ് വലിയ ചർച്ചയായത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വ്യക്തിപരമായി പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെയും സി.പി.ഐ.എമ്മും അടക്കമുള്ള കക്ഷികൾ രംഗത്തെത്തി. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഒരേപോലെ വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത്.
മറുപടി പ്രസംഗത്തിനിടെ അറിയാതെ സംഭവിച്ചുപോയ ശരീരഭാഷയിൽ യാതൊരുവിധ ദുരുദ്ദേശ്യവുമില്ലെന്ന് വ്യക്തമാക്കുകയാണെന്നും, ആരുടെയും വ്യക്തിപരമായ വികാരങ്ങളെ മുറിവേൽപ്പിക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും വിജയ് 'എക്‌സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മുൻ ഡി.എം.കെ ഭരണകാലത്തെ അഴിമതികൾ അക്കമിട്ടുനിരത്തി നിയമസഭയിൽ സംസാരിക്കുന്നതിനിടയിലാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള ആംഗ്യം കാണിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനമേറ്റ് താടിയെല്ലിന് പരിക്കേറ്റ സ്റ്റാലിനെ ഉന്നംവെച്ചുള്ള പരിഹാസമാണിതെന്ന് ആക്ഷേപമുയർന്നു. ടി.വി.കെ മന്ത്രിസഭയെ പിന്തുണയ്ക്കുന്ന സി.പി.ഐ.എമ്മും സി.പി.ഐയും വിജയിന്റെ നിലപാടിനെതിരെ അതൃപ്തി പ്രകടിപ്പിച്ചു. തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് വിമർശിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, ഒരാളുടെ ശാരീരിക രൂപത്തെ കളിയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ഡി.എം.കെയ്‌ക്കെതിരെ വിജയ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെച്ചൊല്ലി ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയിൽ കനത്ത ബഹളമുണ്ടായി. സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും ഇ.ഡിയുടെ കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കറുടെ ഉത്തരവ് പ്രകാരം മാർഷൽമാർ ഡി.എം.കെ എം.എൽ.എമാരെ ബലംപ്രയോഗിച്ച് നിയമസഭാ മന്ദിരത്തിന് പുറത്താക്കുകയായിരുന്നു.





