ബെംഗളൂരു: മാർക്കറ്റിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നേരിൽക്കണ്ടതോടെ കുറ്റക്കാർക്കെതിരെ അടിയന്തര നടപടിക്ക് ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവത്തിന് പിന്നിലുള്ളവരെ ഉടനടി അറസ്റ്റ് ചെയ്യാൻ അദ്ദേഹം പോലീസ് സംഘത്തിന് നിർദ്ദേശം നൽകി. ബെംഗളൂരു യശ്വന്ത്പൂരിലെ എ.പി.എം.സി മാർക്കറ്റിൽ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്നാണ് അടിയന്തര ഇടപെടൽ ഉണ്ടായത്.
സന്ദർശനവേളയിൽ വ്യാപാരികളോടും തൊഴിലാളികളോടും കർഷകരോടും സംസാരിച്ച മുഖ്യമന്ത്രി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് മാർക്കറ്റിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന പരാതി ചിലർ അദ്ദേഹത്തിന് മുന്നിൽ ഉന്നയിച്ചത്. തുടർന്ന് നേരിട്ട് നടത്തിയ പരിശോധനയിൽ കുട്ടികൾ പണിയെടുക്കുന്നത് മുഖ്യമന്ത്രി നേരിട്ട് കാണുകയായിരുന്നു. ഇന്നത്തെ സായാഹ്നത്തിനുള്ളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഡി.സി.പി, എ.സി.പി, ഡി.വൈ.എസ്.പി, സി.ഐ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് ശിവകുമാർ കർശന മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ ബെംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ബി.എസ്. നേമഗൗഡയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ചന്തയിൽ വ്യാപക പരിശോധന നടത്തി. റെയ്ഡിൽ 19 കുട്ടികളെയാണ് ജോലി ചെയ്യുന്ന നിലയിൽ കണ്ടെത്തിയത്. ഇതിൽ പതിമൂന്ന് കുട്ടികൾ ബിഹാർ സ്വദേശികളാണ് (പന്ത്രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും). രണ്ട് പേർ വീതം പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശേഷിക്കുന്ന രണ്ടുപേർ രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ വഴിയോരങ്ങളിൽ ജോലി ചെയ്തിരുന്ന പത്തോളം കുട്ടികളെക്കൂടി പോലീസ് സംഘം രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആർ.എം.സി യാർഡ് പോലീസ് സ്റ്റേഷനിൽ കടയുടമകൾക്കെതിരെ നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ചൈൽഡ് ലേബർ (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) ആക്ട് എന്നിവ ചുമത്തിയാണ് ഈ കേസുകൾ. ഇതിന് പുറമെ ചൈൽഡ് ആൻഡ് അഡോളസെന്റ് ലേബർ (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) നിയമപ്രകാരം വേറെയും അഞ്ച് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.





