ന്യൂഡൽഹി: ബി.ജെ.പി എം.പി രാഘവ് ഛദ്ദയുടെ പേര് ഡൽഹിയിലെ വോട്ടർപട്ടികയിൽ ചേർത്തതിൽ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് ആം ആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലാണ് എം.പിയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം കൃത്രിമങ്ങൾ നടത്തുന്നത് പുത്തരിയല്ലെന്ന് കുറ്റപ്പെടുത്തിയ ആപ് ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ്, എസ്.ഐ.ആർ നടപടികൾ നടന്നുകൊണ്ടിരിക്കെ ഒരു ബൂത്തിൽ കരട് പട്ടിക പ്രകാരം 746 വോട്ടർമാർ മാത്രമുള്ളപ്പോൾ ഏത് ചട്ടപ്രകാരമാണ് രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി കടന്നുകൂടിയതെന്ന് ചോദിച്ചു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെയുള്ള ദിവസങ്ങളിൽ ആറ് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, മുൻപുള്ള അപേക്ഷകൾക്കൊപ്പമുള്ള നടപടികൾ പൂർത്തിയാക്കി നവംബർ നാലിന് പുറത്തിറക്കുന്ന സപ്ലിമെന്ററി ഇലക്ടറൽ റോളിലാണ് പുതുതായി പേര് ചേർക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതാണ്. അങ്ങനെയിരിക്കെ രാഘവ് ഛദ്ദയുടെ പേര് ഇപ്പോൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചുവെന്നാണ് ആം ആദ്മി പാർട്ടി ഉന്നയിക്കുന്ന പ്രധാന ചോദ്യം.
തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക് പിന്നാലെയായിരുന്നു പഞ്ചാബിലെ വോട്ടർപട്ടികയിൽ നിന്ന് രാഘവ് ഛദ്ദ നീക്കം ചെയ്യപ്പെട്ടത്. പഞ്ചാബിൽ നിന്ന് സ്ഥിരതാമസം മാറിയെന്ന് വ്യക്തമായതിനെ തുടർന്നാണ് പേര് ഒഴിവാക്കിയവരുടെ ഗണത്തിലേക്ക് മാറ്റിയത്. എന്നാൽ, ഇതിനെതിരെ കടുത്ത വിയോജിപ്പുമായി ഛദ്ദ നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിലെ ഒരു രാജ്യസഭാ എം.പിയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ എസ്.ഐ.ആർ വ്യവസ്ഥകളിൽ വ്യവസ്ഥയില്ലെന്നും തനിക്കെതിരെയുള്ളത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഈ ആരോപണങ്ങൾ പഞ്ചാബ് സർക്കാർ പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്.
പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിൽ സംസ്ഥാന ഭരണകൂടത്തിന് യാതൊരു ഇടപെടലുമില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിന്റെ വിശദീകരണം.





