ബെംഗളൂരു: ബാർ ലൈസൻസുകൾ അനുവദിച്ചതിലെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടടക്കം പതിനെട്ടോളം കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. അനധികൃതമായി 18 ഓളം ബാറുകൾക്ക് അനുമതി നൽകാൻ ജാർക്കിഹോളി ഒത്താശ ചെയ്തുവെന്നും ഇതിലൂടെ സാമ്പത്തിക തിരിമറി നടത്തിയെന്നുമാണ് പ്രധാന ആരോപണം. 2013 മുതൽ 2016 വരെയുള്ള സിദ്ധരാമയ്യ മന്ത്രിസഭയിൽ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തത് ജാർക്കിഹോളിയായിരുന്നു. ബെംഗളൂരുവിലെ അഞ്ച് കേന്ദ്രങ്ങളിലും ബെലഗാവിയിലുമാണ് കർണാടകത്തിൽ പരിശോധന പുരോഗമിക്കുന്നത്.
മന്ത്രിയുടെ ഭാര്യാസഹോദരനായ മഞ്ജുനാഥിന്റെ വസതിയിലും ഇ.ഡി സംഘം പരിശോധന നടത്തി. എക്‌സൈസ് വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് മുൻപും ഇയാൾക്കെതിരെ ഏജൻസിയുടെ നടപടികൾ ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തിൽത്തന്നെ ഇയാളിൽ നിന്ന് മൂന്ന് കോടിയോളം രൂപയുടെ വിദേശ നിക്ഷേപങ്ങൾ കണ്ടെത്തിയിരുന്നു. കർണാടക എക്‌സൈസ് വകുപ്പിൽ ഉയർന്ന തട്ടിപ്പ് പരാതികളിൽ തുടർച്ചയായി നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ മിന്നൽ റെയ്ഡ്. ലൈസൻസുകൾ വിതരണം ചെയ്തതിലൂടെ കുറ്റാരോപിതർ നിയമവിരുദ്ധമായി സമ്പത്തുണ്ടാക്കിയിട്ടുണ്ടോയെന്നും, ആ പണം വെളുപ്പിച്ച് അന്യരാജ്യങ്ങളിലേക്ക് കടത്തിയോയെന്നും ഇ.ഡി അന്വേഷിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. ഇതിനിടെ, മന്ത്രിയുടെ മകളും ചിക്കോടി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.





