ഡൽഹി: ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചുണ്ടായ ദുരന്തത്തിന് പിന്നാലെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഡൽഹി ഭരണകൂടം. വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് തീരുമാനം. ഇതിനൊപ്പം വാടകത്തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്. 15-ൽ കൂടുതൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ രാത്രികാലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിട്ടു. അതിനിടെ, കെട്ടിട അപകടവുമായി ബന്ധപ്പെട്ട് പി.ജി നടത്തിപ്പുകാരനായ സുധാൻശുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിയുന്ന മറ്റൊരു നടത്തിപ്പുകാരനെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ കോൺട്രാക്ടറെ നേരത്തെതന്നെ അന്വേഷണസംഘം പിടികൂടിയിരുന്നു. അതേസമയം, സത്യനികേതനിലുണ്ടായ കെട്ടിട ദുരന്തത്തിൽ കർശന നടപടികളിലേക്ക് നീങ്ങുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഡൽഹിയിലെ ഹോസ്റ്റൽ ദൗർലഭ്യം അടിയന്തരമായി പരിഹരിക്കാൻ ഇടപെടണമെന്ന് യു.ജി.സിയോടും ഡൽഹി സർക്കാരിനോടും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സമഗ്രമായ സുരക്ഷാ പരിശോധനകൾ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സത്യനികേതൻ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥി ഹോസ്റ്റൽ മേഖലകളിലെയും കെട്ടിടങ്ങളിൽ ഒരാഴ്ചയ്ക്കകം ഘടനാപരമായ പരിശോധന (സ്ട്രക്ചറൽ ഓഡിറ്റ്) പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. താമസത്തിന് സുരക്ഷിതമല്ലെന്ന് വ്യക്തമാകുന്ന കെട്ടിടങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കൂടാതെ, പൊതു ഉപയോഗത്തിനുള്ള കെട്ടിടങ്ങൾക്കും പി.ജി താമസകേന്ദ്രങ്ങൾക്കുമായി പ്രത്യേക സുരക്ഷാ നയം ആവിഷ്കരിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.





