ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ ഒടുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 196, 299 വകുപ്പുകളും പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ (എസ്.സി/എസ്.ടി ആക്ട്) 3(1)(r) വകുപ്പും ചുമത്തിയാണ് കേസ്. വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൺപതോളം പരാതികളാണ് ഉത്തരാഖണ്ഡ് പോലീസിന് ലഭിച്ചിരുന്നത്.
സംഭവത്തിൽ നിയമനടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജനപ്രതിനിധികൾ നേരിട്ടെത്തി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ശശികാന്ത് സെന്തിൽ, മല്ലു രവി, വർഷ ഗായ്‌ക്‌വാദ് എന്നീ എം.പിമാർക്കൊപ്പം കോൺഗ്രസിന്റെ മൈനോരിറ്റി ആൻഡ് ആദിവാസി വിഭാഗം കോർഡിനേറ്റർ കെ. രാജു, എസ്.സി വിഭാഗം ചുമതലയുള്ള രാജേന്ദ്ര പോൾ ഗൗതം എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഏകദേശം മൂന്നര മണിക്കൂറോളം ഇവരുടെ സമരം നീണ്ടുനിന്നു. സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ സ്റ്റേഷൻ വിട്ട് പോകില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ, ഉത്തരാഖണ്ഡിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം പാർലമെന്റ് സ്ട്രീറ്റ് പോലീസ് ഉദ്യോഗസ്ഥർ ഇവരെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസിന്റെ രേഖകൾ കാണണമെന്ന് നേതാക്കൾ ആവശ്യപ്പെടുകയും, ഉത്തരാഖണ്ഡിലെ എഫ്.ഐ.ആർ പകർപ്പ് പോലീസ് കാണിച്ചതിന് ശേഷം മാത്രമാണ് നേതാക്കൾ മടങ്ങിയത്.
താൻ പ്രസംഗിച്ചുപോയ വേദി ബി.ജെ.പി പ്രവർത്തകർ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചുവെന്ന ഗുരുതര ആക്ഷേപവുമായി ഓഗസ്റ്റ് 13-നാണ് ഖാർഗെ രംഗത്തെത്തിയത്. ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സംഘടിപ്പിച്ച റാലിക്ക് ശേഷമായിരുന്നു ഈ സംഭവം അരങ്ങേറിയതെന്ന് രാജ്യസഭയിൽ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ ദളിത് സമുദായക്കാരനായതിനാലാണ് ഇത്തരത്തിൽ ശുദ്ധികലശം നടത്തിയതെന്നും തൊട്ടുകൂടായ്മ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ ജനാധിപത്യ സംസ്കാരത്തിന് ചേർന്നതാണോയെന്നും ഇക്കൂട്ടർ എങ്ങനെയാണ് ഭരണഘടന കാത്തുസൂക്ഷിക്കുകയെന്നും ഖാർഗെ രൂക്ഷമായി ചോദിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ രാജ്യസഭയിൽ ഖേദപ്രകടനം നടത്തുകയും വിഷയത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ദളിതനായ ഖാർഗെയെ ജാതീയമായി അധിക്ഷേപിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടർനടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ മൂന്നിന് ഖാർഗെ നദ്ദയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.





