ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നേരെ ജാതി അധിക്ഷേപം നടന്നു എന്ന പരാതിയിൽ കേസ് എടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കോൺഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ വിഷയങ്ങളുടെ ദാരിദ്ര്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊതുവേദിയിൽ മാലിന്യങ്ങൾ ഉപേക്ഷിച്ചതിലും ചിലർ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ വെറുമൊരു ശുചീകരണ യജ്ഞം മാത്രമായിരുന്നു ഇതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഖർഗെയുടെ ജാതി ഏതാണെന്ന് ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അറിയില്ലെന്നും അത് മനസ്സിലാക്കേണ്ട കാര്യം ആർക്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി തുടങ്ങിയ തലമുതിർന്ന നേതാക്കളോടൊപ്പം പ്രവർത്തിച്ച വ്യക്തിയാണ് ഖർഗെ. മൈതാനത്ത് ശുചീകരണ ചടങ്ങ് സംഘടിപ്പിച്ച കൂട്ടത്തിൽ ബി.ജെ.പി പ്രവർത്തകർ ആരുംതന്നെ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന ആശയമുൾക്കൊണ്ടാണ് സർക്കാർ നീങ്ങുന്നത്. ഉത്തരാഖണ്ഡിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനങ്ങൾ തൊടുത്തതിന് പിന്നാലെയാണ് ധാമിയുടെ പ്രതികരണം. 'ശുദ്ധീകരണം' എന്നത് അയിത്താചരണത്തിന്റെ മറ്റൊരു രൂപമാണെന്നും ഭരണഘടനയനുസരിച്ച് ഇത് ശിക്ഷാർഹമായ കുറ്റമാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങളും ആർ.എസ്.എസ്-ബി.ജെ.പി ആശയങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഡൽഹിയിൽ മാധ്യമങ്ങളെ കാണവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഒരു ക്ഷേത്രത്തിൽ കയറുമ്പോഴും, ജീവിതം ഭരണഘടനയ്ക്കായി മാറ്റിവെച്ച കോൺഗ്രസ് അധ്യക്ഷൻ ഖർഗെ ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുത്ത് പോകുമ്പോഴും ബി.ജെ.പി - ആർ.എസ്.എസ് ആളുകൾ ശുദ്ധീകരണ കർമ്മങ്ങൾ നടത്തുകയാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. ദളിതർ അശുദ്ധരാണെന്നും അവരെ തീണ്ടാൻ പാടില്ലെന്നുമുള്ള പ്രാകൃത മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഇത് നിയമലംഘനമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. 2027-ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ് 8-ന് ഹൽദ്വാനിയിലെ രാംലീല ഗ്രൗണ്ടിൽ ചേർന്ന കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് ഈ രാഷ്ട്രീയ വിവാദം തുടങ്ങിയത്. ഖർഗെ പ്രസംഗിച്ചുപോയ വേദിയിൽ ഒരു വലതുപക്ഷ സംഘടനയുടെ പ്രവർത്തകർ ശുദ്ധീകരണ ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.





