ലുധിയാന: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ യുവാവ് പിടിയിലായി. ഗുരുദാസ്പൂർ സ്വദേശിയായ ഇരുപതുകാരനെയാണ് ലുധിയാന പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈനീസ് നിർമ്മിത സി.സി.ടി.വി ക്യാമറകൾ പ്രയോജനപ്പെടുത്തി സുരക്ഷാ പ്രാധാന്യമുള്ള സൈനിക മേഖലയുടെ ലൈവ് ദൃശ്യങ്ങൾ പാകിസ്താനിലെ ഏജന്റുമാർക്ക് ഇയാൾ നൽകിയിരുന്നതായി പോലീസ് വ്യക്തമാക്കി.
ലുധിയാന-ഫിറോസ്പൂർ പാതയിൽ ബദ്ദോവാൾ കന്റോൺമെന്റിൽ നിന്ന് ഉദ്ദേശം ആറ് കിലോമീറ്റർ അകലെ ഇയാൾ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ ചെരുപ്പുകട എന്ന വ്യാജേനയാണ് പ്രവർത്തിച്ചിരുന്നതെങ്കിലും വ്യാപാരം കാര്യമായി നടന്നിരുന്നില്ല. എന്നാൽ, പ്രധാന പാതയ്ക്ക് അഭിമുഖമായി കടയ്ക്ക് വെളിയിൽ സി.സി.ടി.വി ക്യാമറകൾ ഉറപ്പിക്കുകയായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം. സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ ഐ.എസ്.ഐക്ക് ഇയാൾ കൈമാറിയതായി സംശയിക്കുന്നതായും സൈന്യത്തിന്റെ സഞ്ചാരങ്ങൾ നിരീക്ഷിച്ചതായി വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.





