ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികൾ, ബജറ്റിലെ ഫണ്ട് വിഹിതം, തുടർച്ചയായ ചോദ്യപ്പേപ്പർ ചോർച്ചകൾ, വർദ്ധിച്ചുവരുന്ന അഴിമതി, വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പിന്നോക്കാവസ്ഥ എന്നിവയിൽ മോദി ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയുമായ മുരളി മനോഹർ ജോഷി. 'അമർ ഉജാല' എന്ന പ്രമുഖ ഹിന്ദി ദിനപത്രത്തിന് അനുവദിച്ച ദീർഘമായ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്ര നിലപാടുകളെ രൂക്ഷമായി വിചാരണ ചെയ്തത്. 'ജെൻ-സി' പ്രക്ഷോഭങ്ങൾക്ക് അയവ് വന്നതിന് പിന്നാലെ 'ജെൻ-ആൽഫ' തലമുറയും പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.
അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് എന്തുകൊണ്ടാണ് ഇത്തരം ചോദ്യപ്പേപ്പർ ചോർച്ചകൾ ഉണ്ടാകാതിരുന്നതെന്ന് ചോദിച്ച ജോഷി, നിലവിലെ തകർച്ചയുടെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കല്ലെന്നും സർക്കാരിനും ഭരണസംവിധാനങ്ങൾക്കുമാണെന്നും വ്യക്തമാക്കി. ബി.ജെ.പിയുടെ മുൻ ദേശീയ അധ്യക്ഷൻ കൂടിയായ ജോഷിയെ 2014-ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് പിന്നാലെ 'മാർഗ്ഗദർശക് മണ്ഡൽ' എന്ന ഉപദേശക സമിതിയിലേക്ക് മാറ്റുകയും സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തുകയുമായിരുന്നു.
ഭരണതലത്തിലും സമൂഹത്തിലും ആഴത്തിൽ വേരോടിയ അഴിമതിയാണ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂടം അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സാമ്പത്തിക തിരിമറികളും വഴിവിട്ട സ്വാധീനങ്ങളും നിത്യസംഭവമാകുമ്പോൾ ജനങ്ങൾ ഇത്തരം അനീതികളെ സ്വാഭാവികമായി കാണുന്ന അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ വിദ്യാഭ്യാസത്തിന് വ്യക്തമായ ദീർഘകാല കാഴ്ചപ്പാടുകളില്ല. പഠനത്തെ തൊഴിലുമായും സാമ്പത്തിക ഉൽപ്പാദനക്ഷമതയുമായും ബന്ധിപ്പിക്കാൻ കഴിയണം. ഉന്നതവിദ്യാഭ്യാസമുള്ള എം.എക്കാരും പിഎച്ച്.ഡിക്കാരുമെല്ലാം മുൻസിപ്പൽ കോർപ്പറേഷനുകളിലും മറ്റ് ഓഫീസുകളിലും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ്. ബി.എഡ് യോഗ്യതയുണ്ടായിട്ടും 25,000 മുതൽ 30,000 രൂപ വരെ വരുമാനത്തിനായി ശുചീകരണത്തൊഴിലാളിയായി കരാർ ജോലി ചെയ്യുന്ന ഒരാളെ നേരിൽ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. തൊഴിൽ സാധ്യതകൾ പരിശോധിക്കാതെ പുതിയ കോളേജുകൾക്ക് അനുമതി നൽകുന്നതിലെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം, സുരക്ഷിതമായ സർക്കാർ ജോലി തന്നെയാണ് ഇപ്പോഴും കൂടുതൽ പേരും ആഗ്രഹിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ ഫിസിക്സിൽ നിന്ന് ഇലക്ട്രോണിക്സിലേക്കും തുടർന്ന് ഇലക്ട്രോണിക് എൻജിനീയറിംഗിലേക്കും താല്പര്യം മാറ്റിയ ചരിത്രം ചൂണ്ടിക്കാട്ടി, വിപണിയുടെ ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നയമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസ്ഥിതി തന്നെ അധാർമ്മികതയ്ക്ക് കൂട്ടുനിൽക്കുമ്പോൾ വിദ്യാർത്ഥികളിൽ മാത്രം സത്യസന്ധത പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴ നൽകി കരാറുകൾ നേടുന്നതും അനധികൃതമായി അധ്യാപക നിയമനങ്ങൾ നടക്കുന്നതും കാണുമ്പോൾ സാധാരണക്കാർക്കും അത്തരം കുറുക്കുവഴികളാണ് വിജയത്തിന് ആവശ്യമെന്ന് തോന്നിപ്പോകും. മന്ത്രിമാർ, ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ, ജുഡീഷ്യറിയിലെ പ്രമുഖർ എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടി, പുതുതലമുറ ഇന്ന് സഞ്ചരിക്കുന്ന വഴി സമൂഹം തന്നെ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്കിംഗ്, വാണിജ്യ, സർക്കാർ മേഖലകളിലെ തട്ടിപ്പുകൾ വിദ്യാഭ്യാസ രംഗത്തും തെറ്റായ പ്രവണതകൾ ഉണ്ടാക്കുന്നുണ്ട്. ചോദ്യപ്പേപ്പർ അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ പരീക്ഷാനടത്തിപ്പിന്റെ സ്വാഭാവികത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വിദ്യാഭ്യാസ ഫണ്ട് വിനിയോഗത്തിൽ കേന്ദ്രത്തിന്റെ മുൻഗണനകൾ പാളിപ്പോയെന്ന് ജോഷി ആരോപിച്ചു. റോഡുകൾക്കും അനുബന്ധ ഗതാഗത പദ്ധതികൾക്കും ചെലവ് കുത്തനെ ഉയർത്തുമ്പോൾ സ്കൂൾ-പ്രാഥമിക വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. റോഡുകൾ മാത്രം പണിതതുകൊണ്ട് രാജ്യത്ത് സമഗ്ര വികസനമുണ്ടാവില്ലെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളും എൻജിനീയർമാരും എൻജിനീയറിംഗ് സ്ഥാപനങ്ങളുമാണ് യഥാർത്ഥത്തിൽ രൂപപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങളിൽ വിവിധ മതവിഭാഗങ്ങളെയും ജാതികളെയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോഴാണ് വാജ്പേയി ഭരണകാലത്ത് പുതിയ വിദ്യാഭ്യാസ നയത്തിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചതെന്ന് എൻ.ഇ.പി 2020-നെ പരാമർശിച്ച് അദ്ദേഹം ഓർത്തെടുത്തു. രാജീവ് ഗാന്ധിയുടെ കാലത്തെ വിദ്യാഭ്യാസ നയം താൻ ആഴത്തിൽ പഠിച്ചിട്ടുണ്ടെന്നും അത് കൊണ്ടുവന്നത് ആരാണ് എന്ന കാരണത്താൽ മാത്രം തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ചട്ടക്കൂടിനുള്ളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. വ്യവസായ, വാണിജ്യ, യുദ്ധ നയങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പകരം മാനവ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകേണ്ടത്. പുതിയ നയത്തിലെ പല നിർദ്ദേശങ്ങളും നീതി ആയോഗിൽ നിന്ന് വന്നതാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വിദ്യാഭ്യാസ കാര്യങ്ങളിൽ നേരിട്ട് ഇടപെടാതെ തൊഴിൽ ലഭ്യതയുടെ കണക്കുകൾ മാത്രം നൽകിയിരുന്ന അന്നത്തെ ആസൂത്രണ കമ്മീഷനുമായി ഇതിനെ താരതമ്യം ചെയ്തു.
സാമൂഹിക സമത്വം ഉറപ്പാക്കാൻ ഏകീകൃത സ്കൂൾ സമ്പ്രദായം നടപ്പിലാക്കണമെന്ന് ജോഷി ആവശ്യപ്പെട്ടു. സെക്കൻഡറി തലം വരെയെങ്കിലും കുട്ടികൾക്ക് സ്വന്തം നാട്ടിലെ വിദ്യാലയങ്ങളിൽ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കണമെന്നും ഇതിനായി ആവശ്യമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്കൂൾ വിദ്യാഭ്യാസം സൗജന്യമായി നൽകേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസത്തെ വെറുമൊരു കച്ചവടമായി കാണരുത്. സ്വകാര്യ സ്ഥാപനങ്ങൾ വരുമാനമുണ്ടാക്കുന്നുണ്ടെങ്കിൽ ആ തുക വിദ്യാഭ്യാസ മേഖലയിൽ തന്നെ പുനർനിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിയന്ത്രണങ്ങൾ വേണം. ആരോഗ്യരംഗത്തെ വാണിജ്യവൽക്കരണത്തിനെതിരെയും അദ്ദേഹം സമാനമായ മുന്നറിയിപ്പ് നൽകി. ചികിൽസയെയും പഠനത്തെയും വൻ ലാഭമുണ്ടാക്കാനുള്ള മാർഗ്ഗമായി മാറ്റുന്നത് ശരിയല്ല. സർക്കാരിന്റെ 'വികസിത് ഭാരത്' ലക്ഷ്യത്തെ പരാമർശിച്ച്, 'വികസിതം' എന്നതുകൊണ്ട് ഭരണകൂടം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. ആധുനിക മാനദണ്ഡങ്ങളിൽ പിന്നാക്കമെന്ന് കരുതുന്ന ആദിവാസി സമൂഹങ്ങൾ പരിസ്ഥിതിയെ സംരക്ഷിച്ച്, കാട് വെട്ടിനശിപ്പിക്കാതെ, കളവും വഞ്ചനയുമില്ലാതെ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവരാണ്. സമൂഹം മുറുകെപ്പിടിക്കേണ്ട ഇത്തരം മൂല്യങ്ങളെയാണ് വിദ്യാഭ്യാസ നയം മുൻപോട്ട് വെക്കേണ്ടത്.
വിദ്യാർത്ഥികൾ കുറയുന്നുവെന്ന പേരിൽ സർക്കാർ വിദ്യാലയങ്ങൾ പൂട്ടുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. കുട്ടികളുടെ എണ്ണം കുറയാനുള്ള യഥാർത്ഥ കാരണം കണ്ടെത്തുകയാണ് വേണ്ടത്. വിദ്യാലയങ്ങൾ പൂട്ടുന്നതിന് പകരം മികച്ച കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരെയും ഉറപ്പാക്കുകയാണ് അധികൃതർ ചെയ്യേണ്ടത്. ഫിസിക്സ് അധ്യാപകരില്ലെന്ന് പരാതിപ്പെട്ട പെൺകുട്ടികളുടെ അവസ്ഥയും മേൽക്കൂര പോലുമില്ലാത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടി വന്നതും അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതത്തിന്റെ പൗരാണിക വേദ-ജ്ഞാന പാരമ്പര്യങ്ങളെ വാഴ്ത്തുമ്പോഴും, കുടുംബങ്ങൾക്ക് ഉന്നതപഠനത്തിനായി 50 ലക്ഷം രൂപ വരെ കണ്ടെത്തേണ്ടിവരുന്ന വിധത്തിൽ പഠനച്ചെലവ് കുതിച്ചുയരുന്നതിലെ വൈരുദ്ധ്യത്തെ അദ്ദേഹം തുറന്നുകാട്ടി. സാധാരണക്കാർക്ക് താങ്ങാനാവാത്ത പഠനച്ചെലവ് സാമ്പത്തിക-സാമൂഹിക അന്തരം വർദ്ധിപ്പിക്കുകയും വൻകിട കാമ്പസുകളിലെ ആത്മഹത്യകൾ ഉൾപ്പെടെയുള്ള കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടുകയും ചെയ്യും. സ്കൂളുകളുടെയോ ഹൈവേകളുടെയോ എണ്ണം മാത്രം കൂട്ടിയതുകൊണ്ട് വിദ്യാഭ്യാസ മേഖല വിജയിക്കില്ലെന്നും, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, തൊഴിൽ, സമത്വം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തി യുവാക്കളെ ബാധിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ പരിഗണിക്കാൻ സംവിധാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





