ലഖ്‌നൗ: ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ബി.ജെ.പിയാണെന്ന് സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ജനങ്ങൾക്കിടയിൽ പരസ്പരം അകൽച്ചയും ശത്രുതയും സൃഷ്ടിക്കുക മാത്രമാണ് ഭരണകക്ഷിയുടെ അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്ഷാബന്ധൻ ദിനത്തിൽ ഇറ്റാവയിലെ ജന്മഗ്രാമമായ സൈഫായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഏക പ്രതിസന്ധി ബി.ജെ.പിയാണെന്നും ആ പാർട്ടി ഇല്ലാതായാൽ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ വിദ്വേഷം പരത്തുകയല്ലാതെ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാത്ത ബി.ജെ.പി, സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ഓർമ്മകളെപ്പോലും വിറ്റഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി രൂപീകരണ സമയത്ത് തങ്ങൾ സോഷ്യലിസ്റ്റ് നിലപാടുകാരാണെന്ന് കാണിക്കാൻ ജെ.പിയുടെ ഫോട്ടോ ഉപയോഗിച്ചിരുന്നവർ, ഇപ്പോൾ ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ (ജെ.പി.എൻ.ഐ.സി) വിൽപ്പന നടത്തിയിരിക്കുകയാണ്. ആരും വാങ്ങാൻ മുന്നോട്ടുവരാത്തതുകൊണ്ട് മാത്രമാണ് ബി.ജെ.പി സ്വയം വിറ്റുപോകാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കോർപ്പറേറ്റ് വ്യാപാരികളെ വഴിവിട്ട് സഹായിക്കാനാണ് അവശ്യവസ്തുക്കൾക്കും ഇന്ധനത്തിനും ഉയർന്ന വില ഈടാക്കാൻ സർക്കാർ അവസരമൊരുക്കുന്നതെന്ന് എസ്.പി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പഞ്ചസാരയുടെ വില കുത്തനെ ഉയർന്നു. പെട്രോളിൽ എഥനോൾ ചേർക്കുന്നത് നിയമപരമായി മായം ചേർക്കലിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനും വ്യവസായികൾക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാനും വേണ്ടി സർക്കാർ അവർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനങ്ങളും പഞ്ചസാരയും ഉയർന്ന നിരക്കിൽ വിൽക്കുന്നതും സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണമാണ്. മരുന്നുകൾക്ക് അമിതവില ഈടാക്കുന്നു, ആംബുലൻസ് സർവീസുകൾ താറുമാറായി കിടക്കുന്നു, സാധാരണക്കാരിൽ നിന്ന് പോലീസ് പണം കൈപ്പറ്റുന്നു തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
എക്സ്പ്രസ് വേകളുടെ നിർമ്മാണത്തിന് മാറ്റിവെച്ച തുക വകമാറ്റി ചെലവഴിച്ചതിൽ എന്തുകൊണ്ടാണ് സർക്കാർ മറുപടി പറയാത്തതെന്നും യാദവ് ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ബ്രിട്ടീഷുകാർ നാടുവിട്ടെങ്കിലും മാധ്യമങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ തുറുങ്കിലടയ്ക്കുകയാണെന്നും നാം യഥാർത്ഥത്തിൽ ഇന്നും സ്വതന്ത്രരല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ ജനങ്ങൾ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കുമെന്നതിനാലാണ് ബി.ജെ.പി വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹിപ്പിക്കാത്തത്. ചോദ്യങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ജനാധിപത്യത്തെ ഇല്ലാതാക്കാനും ബി.ആർ. അംബേദ്കറുടെ ഭരണഘടനാ മൂല്യങ്ങളെ തകർക്കാനുമാണ് ശ്രമിക്കുന്നത്.
വിത്തും വളവും ആവശ്യസമയത്ത് ലഭിക്കാതെയും കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതെയും കർഷകർ വലിയ ദുരിതത്തിലാണ്. മുൻപ് വളം ചാക്കുകളിൽ നിന്ന് മോഷണം പോയിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് ചാക്കുകൾ മൊത്തമായിത്തന്നെ കവർച്ച ചെയ്യപ്പെടുകയാണെന്നും ഇതിന് ആര് മറുപടി പറയുമെന്നും അദ്ദേഹം ആരാഞ്ഞു. കർഷകർ കടുത്ത സാമ്പത്തിക നഷ്ടം നേരിടുമ്പോൾ വൻകിട കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് കുത്തകകളെ മാത്രം സഹായിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.





