ചെന്നൈ: ഗീതു മോഹൻദാസ് ഒരുക്കി യഷ് കേന്ദ്രകഥാപാത്രമായെത്തിയ ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്കി'നെതിരെ രൂക്ഷ വിമർശനവുമായി മുൻ ബി.ജെ.പി നേതാവും 'അണ്ണാമലൈ മക്കൾ ഇയക്കം' സ്ഥാപകനുമായ കെ. അണ്ണാമലൈ. ചിത്രം സ്ത്രീവിരുദ്ധ സമീപനം പുലർത്തുന്നതാണെന്നും സ്ത്രീകളെ കേവലം ലൈംഗിക ഉപഭോഗ വസ്തുക്കളായി മാത്രമാണ് സിനിമയിൽ അടയാളപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്തെത്തി. സിനിമാ നിയന്ത്രണ ചട്ടങ്ങൾ കൂടുതൽ കർശനമാക്കണമെന്നും നിലവിലെ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിലപാടെടുത്തു.
വൻ താരനിര അണിനിരന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 100 കോടി രൂപ ബോക്‌സ് ഓഫീസ് വരുമാനം നേടിയിരുന്നു. ഇതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നു. സിനിമ നേടുന്ന സാമ്പത്തിക വിജയത്തിൽ ആശങ്ക രേഖപ്പെടുത്തിയ അണ്ണാമലൈ, സ്ത്രീകളെ ഇത്രയും മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ കുട്ടികൾ കാണാനിടയാകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമാക്കി. കോളേജുകളിലും നഗരങ്ങളിലും തങ്ങൾ സ്ത്രീസുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുമ്പോൾ, സെൻസർ ബോർഡ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് പച്ചക്കൊടി കാട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ സിനിമ സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകുന്നില്ലെന്നും, സിനിമയിലെ ഘടകങ്ങൾ കാഴ്ചക്കാരെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചിത്രത്തിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച ആരോപണങ്ങളെ നേരത്തെ തന്നെ തള്ളി നായകൻ യഷ് രംഗത്തെത്തിയിരുന്നു. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് സംവിധായിക ഗീതു മോഹൻദാസിനെ പിന്തുണച്ച് യഷ് നിലപാട് വ്യക്തമാക്കിയത്. സമൂഹം പലതും പറഞ്ഞേക്കാമെന്നും ചിലപ്പോൾ അംഗീകരിച്ചെന്നു വരില്ലെന്നും, എന്നാൽ എല്ലാവരും ഉറ്റുനോക്കുന്ന തരത്തിലേക്ക് ഉയരുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പണത്തിനല്ല, മറിച്ച് ചെയ്യുന്ന ജോലിക്കാണ് ആദരവ് ലഭിക്കുന്നത്. ഏത് വെല്ലുവിളിയെയും അതിജീവിച്ച് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സമൂഹത്തിൽ മുന്നേറാനും ഏതൊരു പെൺകുട്ടിക്കും സാധിക്കുമെന്ന് സംവിധായിക ഈ ചിത്രത്തിലൂടെ ബോധ്യപ്പെടുത്തുമെന്ന് യഷ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ട്രെയിലറിൽ കാണുന്നതിനപ്പുറം സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന കൃത്യമായ ഘടകം സിനിമയിലുണ്ടെന്നും, പെൺകുട്ടികൾ തിയേറ്ററുകളിലെത്തി സിനിമ കാണണമെന്നും അവർക്ക് ചിത്രം തീർച്ചയായും ഇഷ്ടപ്പെടുമെന്നും യഷ് അന്ന് വ്യക്തമാക്കിയിരുന്നു.





