Malayali Media
India

14-ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചാൽ പല്ല് മാത്രമാണോ പൊട്ടുക?; ദിശാ സാലിയാൻ മരണക്കേസിലെ പോലീസ് അന്വേഷണത്തിനെതിരെ ബോംബെ ഹൈക്കോടതി

29 Aug 20261 views 3 min read
14-ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചാൽ പല്ല് മാത്രമാണോ പൊട്ടുക?; ദിശാ സാലിയാൻ മരണക്കേസിലെ പോലീസ് അന്വേഷണത്തിനെതിരെ ബോംബെ ഹൈക്കോടതി
Advertisement

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശാ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളിൽ മഹാരാഷ്ട്ര സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. 2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാദിലുള്ള ബഹുനില ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് വീണ് ദിശ മരിക്കുന്നത്. ഇത്രയും വലിയ ഉയരത്തിൽ നിന്ന് പതിച്ചിട്ടും ഒരാളുടെ പല്ലുകൾക്ക് മാത്രമാണോ കേടുപാടുകൾ സംഭവിക്കുകയെന്ന് കോടതി ചോദിച്ചു. ശരീരത്തിലെ പരിക്കുകളുടെ സ്വഭാവത്തെക്കുറിച്ചോ രക്തപ്പാടുകളെക്കുറിച്ചോ കൃത്യമായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തലയോട്ടിക്ക് ഒരു ആഘാതവും ഏൽക്കാതെ പല്ലുകൾ മാത്രം തകരുന്നത് എങ്ങനെയാണെന്നും ബെഞ്ച് ആരാഞ്ഞു.

എന്നാൽ, യുവതിയുടെ മുഖത്തും തലയോട്ടിയിലും വാരിയെല്ലുകളിലുമടക്കം വലിയ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹൈർ കോടതിയിൽ വ്യക്തമാക്കി. താഴേക്ക് പതിക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗത്താണോ ആഘാതമുണ്ടാകുന്നത് അതിനനുസരിച്ചാകും രക്തസ്രാവമെന്നും, മഴക്കാലമായതിനാൽ കനത്ത മഴയിൽ രക്തം ഒലിച്ചുപോയിട്ടുണ്ടാകാമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, യുവതി മരണപ്പെട്ട് ആറര മണിക്കൂറുകൾക്ക് ശേഷം രാവിലെ 9.40-ഓടെയാണ് മഴ പെയ്തതെന്ന് കൃത്യമായ സമയം ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തെ ചോദ്യം ചെയ്തു. മൃതദേഹത്തിലെ വസ്ത്രങ്ങൾ സംബന്ധിച്ച വൈരുദ്ധ്യവും കോടതി എടുത്തുപറഞ്ഞു. പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്‌മോർട്ടം രേഖകളിലും യുവതിയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു എന്ന് പരാമർശിക്കുമ്പോൾ ആശുപത്രിയിൽ നിന്നും മോർച്ചറിയിൽ നിന്നും എടുത്ത ഫോട്ടോകളിൽ വസ്ത്രങ്ങൾ കാണാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിരവധി പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നിലവിൽ ധൃതിപിടിച്ച് ഒരു അന്തിമ നിഗമനത്തിലെത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ദിശ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ തന്റെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് ദിശയുടെ പിതാവ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, മകൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും തങ്ങൾക്ക് ആർക്കെതിരെയും പരാതിയില്ലെന്നും 2024-ൽ ദിശയുടെ പിതാവ് തന്നെ നിലപാടെടുത്തിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ആദിത്യ താക്കറെയെ കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം വ്യക്തിപരമായി അറിയില്ലെന്നും കേസിൽ അദ്ദേഹത്തിന് പങ്കില്ലെന്നും പിതാവ് മുൻപ് വ്യക്തമാക്കിയതായും പ്രോസിക്യൂട്ടർ പറഞ്ഞു. കൂടാതെ, ദിശ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും കൊലപാതക സാധ്യതയില്ലെന്നും ഒപ്പം താമസിച്ചിരുന്ന റോഹൻ റായ് എന്ന യുവാവ് മൊഴി നൽകിയിട്ടുണ്ടെന്ന് ശിശിർ ഹൈർ ബോധിപ്പിച്ചു. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾ ഉണ്ടാകരുതെന്നും പോസ്റ്റ്‌മോർട്ടത്തിൽ ബലാത്സംഗത്തിനിരയായതിന്റെ സൂചനകളില്ലെന്നും അദ്ദേഹം വാദിച്ചെങ്കിലും, കൂടുതൽ വിശദീകരണങ്ങൾ നൽകാൻ കോടതി അദ്ദേഹത്തെ അനുവദിച്ചില്ല.

Advertisement

Related News

Comments

Add a Comment

Our Channels

14-ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചാൽ പല്ല് മാത്രമാണോ പൊട്ടുക?; ദിശാ സാലിയാൻ മരണക്കേസിലെ പോലീസ് അന്വേഷണത്തിനെതിരെ ബോംബെ ഹൈക്കോടതി | Malayali Media