ന്യൂഡൽഹി: രാജ്യത്തെ പുത്തൻ തലമുറയുമായി സംവദിക്കാൻ പോപ്പ് സംസ്കാര ഘടകങ്ങളും എഐ നിർമ്മിത ചിത്രങ്ങളും മീമുകളും 'ജെൻ-സി' സ്ലാങ്ങുകളും സമന്വയിപ്പിച്ച് ബി.ജെ.പി. യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി പാർട്ടി ഐടി സെൽ തങ്ങളുടെ സോഷ്യൽ മീഡിയ രീതികളിൽ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റിൽ 'സ്പാർട്ടക്കസ്' സീരീസിലെ നായകന് സമാനമായി ബി.ജെ.പിയുടെ പ്രധാന പേജിനെ മുഖ്യ പോരാളിയായും, സംസ്ഥാന ഘടകങ്ങളുടെ എക്സ്, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളെ യോദ്ധാക്കളായും അടയാളപ്പെടുത്തിയിരുന്നു. ഇതിനൊപ്പമുള്ള ഇംഗ്ലീഷ് യുദ്ധസന്ദേശത്തിന് ഇന്ത്യൻ ശൈലിയും നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച 'ദിമാഗി നക്സലുകളിൽ' (ആശയപരമായ നക്സലുകൾ) നിന്ന് 'മാ ഭാരതി'യെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് പ്രസ്തുത പോസ്റ്റിലുള്ളത്. രാഷ്ട്രീയ ആശയങ്ങളെ ചെറുപ്പക്കാരുടെ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പരിഹസിക്കുന്ന എഐ കാർട്ടൂണുകൾക്ക് പുറമെ 'മോട്ടു-പട്ലു', 'സ്പൈഡർമാൻ', 'അമേരിക്കൻ സൈക്കോ' തുടങ്ങിയ ജനപ്രിയ സിനിമകളിലെയും കഥാപാത്രങ്ങളെയും പ്രചാരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിക്കെതിരായ കോൺഗ്രസ് വാദങ്ങളെ ചെറുക്കാൻ 'ജെൻ-സി' ആരംഭിച്ച ഒരു വെബ്സൈറ്റ് കണ്ട് ഈ സഹോദരങ്ങൾ അസ്വസ്ഥരാകുന്ന തരത്തിലാണ് പോസ്റ്റുകളിലെ സംഭാഷണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ വിഭാഗത്തിന്റെ മേൽനോട്ട ചുമതലകളിൽ ബി.ജെ.പി നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ചുമതല ദീർഘകാലം വഹിച്ച അമിത് മാളവ്യയ്ക്ക് പകരം ദീപക് മസ്കെയ്ക്കാണ് പുതിയ ചുമതല. ഛത്തീസ്ഗഡിലും മറ്റ് ചില തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത പരിചയസമ്പത്തുമായാണ് മസ്കെയുടെ വരവ്. മുംബൈയിലെ പ്രക്ഷോഭത്തിനിടെ ശ്രദ്ധ നേടിയ നർത്തകി ഉർവശി പലന്ദുർക്കറെയും ദേശീയ അവാർഡ് നേടിയ യുവ ജൂഡോ താരത്തെയും മുൻനിർത്തി 'ജെൻ-സി'യിലെ വ്യത്യസ്ത വിഭാഗങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഛത്തീസ്ഗഡ് ബി.ജെ.പി പങ്കുവെച്ച പോസ്റ്റ് ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പുത്തൻ രീതികൾ പരീക്ഷിക്കുമ്പോഴും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ, സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണങ്ങൾ, സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ തുടങ്ങിയ പതിവ് പോസ്റ്റുകളും പാർട്ടി തുടരുന്നുണ്ട്.





