ചെന്നൈ: തമിഴ്‌നാട്ടിൽ ജനക്ഷേമം മുൻനിർത്തിയുള്ള വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 'അന്നപൂർണി സൂപ്പർ 6' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിവർഷം ഏകദേശം നാലായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 1.30 കോടിയിലധികം വരുന്ന കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ പൊതുഗതാഗത പദ്ധതി വിപുലീകരിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. 'വെട്രി പയണം' എന്ന പേരിൽ വ്യാപിപ്പിച്ച ഈ പദ്ധതി വഴി ഓർഡിനറി ബസുകൾക്ക് പുറമെ നഗരങ്ങളിലും മെട്രോപോളിറ്റൻ മേഖലകളിലും സർവീസ് നടത്തുന്ന എക്‌സ്‌പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് സർക്കാർ ബസുകളിലും ഇവർക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രതിവർഷം ആറായിരം കോടി രൂപയാണ് വകയിരുത്തുന്നത്. പ്രഖ്യാപിച്ച പുതിയ ക്ഷേമപദ്ധതികൾ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.
അതേസമയം, കർഷകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് പരന്തൂർ വിമാനത്താവള നിർമ്മാണ പദ്ധതിയിൽ നിന്ന് സർക്കാർ പൂർണ്ണമായി പിന്മാറി. ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പരന്തൂരിൽ മുൻ ഡി.എം.കെ സർക്കാരാണ് വിമാനത്താവള പദ്ധതി കൊണ്ടുവന്നത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് കൃഷിഭൂമിയും ജനവാസമേഖലകളും ഇല്ലാതാക്കിക്കൊണ്ട് പദ്ധതി നടപ്പിലാക്കാൻ തുനിഞ്ഞ ഡി.എം.കെ സർക്കാരിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പരന്തൂർ പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ വലിയൊരു ജനവിഭാഗത്തെ കുടിയൊഴിപ്പിക്കലിൽ നിന്നും കാർഷിക ഭൂമിയെ നാശത്തിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും. വിമാനത്താവള നിർമ്മാണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് സാധ്യതാ പഠനങ്ങൾ നടത്തിയ ശേഷം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരു അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും വിജയ് സഭയെ അറിയിച്ചു.





