Malayali Media
India

ഘടകകക്ഷികളെ ഒപ്പം ചേർത്തുനിർത്തണം; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയനെതിരെ ഡി. രാജ

24 Aug 20262 views 3 min read
ഘടകകക്ഷികളെ ഒപ്പം ചേർത്തുനിർത്തണം; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയനെതിരെ ഡി. രാജ
Advertisement

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവായ പിണറായി വിജയൻ മുന്നണിയിലെ ഘടകകക്ഷികളെ കൂടുതൽ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ സി.പി.ഐ ഉന്നയിക്കുന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും, ഇത്തരം കാര്യങ്ങളിൽ പരസ്യപ്രസ്താവനകൾ ഒഴിവാക്കാൻ മാധ്യമങ്ങൾ പിണറായി വിജയനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ ഇടതുപക്ഷ ഐക്യം നൽകുന്നത് വലിയൊരു സന്ദേശമാണെന്നും, ആവശ്യമായി വന്നാൽ സി.പി.ഐ.എം ജനറൽ സെക്രട്ടറിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ഡി. രാജ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ.എമ്മിന് ലഭിക്കുമെന്നും ഉപനേതാവിന്റെ പേര് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഉടൻ സ്പീക്കർക്ക് കൈമാറുമെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ, ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിന്റെ സ്ഥാനത്തിനും രാഷ്ട്രീയ പക്വതയ്ക്കും യോജിച്ചതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചതോടെ മുന്നണിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.

അതേസമയം, ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് ഔദ്യോഗികമായി മറുപടി നൽകേണ്ടതില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. മുന്നണിയിൽ സി.പി.ഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് വിലയിരുത്തുന്ന പാർട്ടി നേതൃത്വത്തിന് ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണത്തിൽ അതൃപ്തിയുണ്ട്. എങ്കിലും പാർട്ടി തലത്തിൽ മറുപടി നൽകാതെ, വിഷയത്തിൽ എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ പിണറായി വിജയൻ തന്നെ വ്യക്തത വരുത്തട്ടെ എന്ന നിലപാടിലാണ് സി.പി.ഐ.എം.

Tags:#binoy viswam#pinarayi vijayan#d raja#cpim#cpi
Advertisement

Comments

Add a Comment

Our Channels

ഘടകകക്ഷികളെ ഒപ്പം ചേർത്തുനിർത്തണം; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയനെതിരെ ഡി. രാജ | Malayali Media