ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ ഡൽഹിയിലെയും പാലക്കാട്ടെയും വീടുകളിൽ ഗുജറാത്ത് പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച നടന്ന റെയ്ഡിൽ രവി നായർ, അദ്ദേഹത്തിന്റെ മകൻ, സഹപ്രവർത്തകൻ എന്നിവരുടെ ലാപ്‌ടോപ്പുകൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രവി നായരുടെ വസതികൾ പരിശോധിക്കാനും അത്യന്താപേക്ഷിതമെങ്കിൽ അദ്ദേഹത്തിന്റെ ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കാനുമായിരുന്നു വാറണ്ടിലെ ഉത്തരവ്. എന്നാൽ, കേസിൽ യാതൊരു പങ്കുമില്ലാത്ത മകന്റെയും സഹപ്രവർത്തകൻ സച്ചി ഹെഗ്‌ഡെയുടെയും ലാപ്‌ടോപ്പുകളും ഐപാഡും അടക്കമുള്ളവ പോലീസ് പിടിച്ചെടുക്കുകയാണുണ്ടായത്. റെയ്ഡിനെതിരെ ഇന്ന് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും.
അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസിൽ രവി നായർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസ് നടപടി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് എൽ.ഐ.സി അദാനി ഗ്രൂപ്പിൽ നിക്ഷേപം ഇറക്കിയതെന്ന് വ്യക്തമാക്കി 'ദി വാഷിംഗ്ടൺ പോസ്റ്റിൽ' വന്ന ലേഖനത്തിനെതിരെയാണ് അദാനി ഗ്രൂപ്പ് നിയമനടപടിയുമായി രംഗത്തെത്തിയത്.
പോലീസ് സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ രവി നായർ കേരളത്തിലായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ സഹപ്രവർത്തകനാണുണ്ടായിരുന്നത്. ഇവിടെനിന്ന് അഞ്ചോളം ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തെങ്കിലും, മൂന്നുപേരിൽ ആർക്കും തന്നെ ഉപകരണങ്ങളുടെ ഹാഷ് വാല്യൂ കൈമാറിയിട്ടില്ല. മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിൽ അന്വേഷണ ഏജൻസികൾ നടത്തുന്ന അനിയന്ത്രിതമായ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് 2023 നവംബർ 7-ന് സുപ്രീം കോടതി നടത്തിയ പരാമർശങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന വിമർശനം ശക്തമായിട്ടുണ്ട്.





