ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണവും നിയന്ത്രണങ്ങളും കർശനമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനായി 1.95 ലക്ഷം ബ്ലോക്കിംഗ് ഉത്തരവുകളാണ് കേന്ദ്രം പുറപ്പെടുവിച്ചത്. ദിവസേന ശരാശരി 1,275 നോട്ടീസുകൾ വീതം നൽകിക്കൊണ്ട് ഓരോ മിനിറ്റിലും ഓരോ പോസ്റ്റോ അക്കൗണ്ടോ നീക്കം ചെയ്യാനുള്ള നിർദ്ദേശമാണ് പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്നത്.
ലഭിച്ച നിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ നടപടി നേരിട്ടത് ഇൻസ്റ്റഗ്രാമാണ്. ഏതാണ്ട് ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ഇൻസ്റ്റഗ്രാമിന് മാത്രം ലഭിച്ചത്. ഫേസ്ബുക്കിന് 80,000 ഉത്തരവുകളും യൂട്യൂബിന് 15,000 ഉത്തരവുകളും കൈമാറി. മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ കണക്കുകളാണിത്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്ദിറിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായ ഘട്ടത്തിലാണ് നോട്ടീസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായത്.
2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി ആകെ 2,312 ബ്ലോക്കിംഗ് ഓർഡറുകൾ മാത്രം നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ റെക്കോർഡ് വേഗത്തിലുള്ള കൂട്ടവിലക്ക് നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രം നൽകിയ നിർദ്ദേശങ്ങളിൽ പത്തിൽ ഒൻപതും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനുമെതിരെയായിരുന്നു.
ഡീപ്ഫേക്ക് പോസ്റ്റുകൾക്ക് പുറമെ വിദ്യാർത്ഥി സമരങ്ങളെ അനുകൂലിക്കുന്ന പ്രതികരണങ്ങൾ, കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയത്തിനെതിരായ വിമർശനങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ എന്നിവയാണ് ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നതെന്ന് ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇതിനിടെ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തന്റെ ചില പോസ്റ്റുകൾ ഒഴിവാക്കപ്പെട്ടതായി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും അവകാശപ്പെട്ടിരുന്നു.





