ന്യൂഡൽഹി:അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിലെ സാമ്പത്തിക ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സന്യാസിമാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മണ്ടി ഹൗസിൽ നിന്നാരംഭിച്ച മാർച്ച് ഫിറോസ്ഷാ റോഡിൽ വെച്ച് പൊലീസ് തടയുകയായിരുന്നു.
യാത്ര തടഞ്ഞതിനെത്തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സന്യാസിമാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. സന്യാസിമാരുടെ ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പൂർണിയ എം.പിയായ പപ്പു യാദവും സമരസ്ഥലത്ത് എത്തിച്ചേർന്നിരുന്നു.






