Malayali Media
India

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി യു.പിയിൽ സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ

ജെൻ-സിയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ജെൻ ആൽഫയും

29 Jul 202635 views 3 min read
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി യു.പിയിൽ സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ
Advertisement

ലഖ്‌നൗ: സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളുമേന്തിയാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. തുടർന്ന് ക്രമസമാധാന പാലനത്തിനായി സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

നാഗിനയിൽ നിന്നുള്ള ലോക്സഭാംഗവും ആസാദ് സമാജ് പാർട്ടി നേതാവുമായ ചന്ദ്രശേഖർ ആസാദും ആം ആദ്മി പാർട്ടിയും ഈ സമരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. റോഡിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് ആവശ്യപ്പെടുന്നതും, എന്നാൽ വിദ്യാർത്ഥികൾ പിന്മാറാതെ അവിടെത്തന്നെ തുടരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കിഷൻപൂർ സർവോദയ ഇന്റർ കോളേജിലെ വിദ്യാർത്ഥികളാണ് സമരത്തിന് നേതൃത്വം നൽകിയത്. 'അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാർത്ഥികളുടെ ഭാവി ഭദ്രമാക്കുക' എന്നതായിരുന്നു ഇവരുടെ പ്രധാന മുദ്രാവാക്യം. ക്ലാസുകളിൽ ഫാനുകളും വാട്ടർ കൂളറുകളും സ്ഥാപിക്കുക, മെനു പ്രകാരമുള്ള ഭക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്നായിരുന്നു വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. രാവിലെ ഏഴ് മണിക്ക് സ്കൂൾ ഗേറ്റ് തുറന്ന ഉടനെയാണ് ഇവർ പ്രതിഷേധം തുടങ്ങിയത്. ഒടുവിൽ, വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പുനൽകുകയായിരുന്നു.

Tags:#CJP#GEN ALPHA#UTTAR PRADESH
Advertisement

Comments

Add a Comment

Our Channels

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി യു.പിയിൽ സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ | Malayali Media