ന്യൂഡൽഹി: പരീക്ഷാ സമ്പ്രദായങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പുതിയ ടാസ്ക് ഫോഴ്സിനെതിരെ കടുത്ത പരിഹാസവുമായി പ്രിയങ്ക ഗാന്ധി എം.പി. ലോക്സഭയിലെ ചർച്ചയ്ക്കിടെയാണ് പ്രിയങ്ക ദൗത്യസംഘത്തെ രൂക്ഷമായി വിമർശിച്ചത്. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി നിയമിച്ചിരിക്കുന്ന ഈ സമിതിയിലെ അംഗങ്ങൾ സ്വന്തമായി ഐ.ടി കമ്പനി നടത്തുന്നയാളും മുൻ ഐ.ബി മേധാവിയും ഒരു ഗോമൂത്ര വിദഗ്ധനുമാണെന്ന് അവർ പരിഹസിച്ചു. ടാസ്ക് ഫോഴ്സ് രൂപീകരിച്ചതുമുതൽ അംഗങ്ങളെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.
ടാസ്ക് ഫോഴ്സ് അധ്യക്ഷനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേക്കനി, മുൻ ഐ.ബി തലവൻ തപൻ ദേഖ, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി എന്നിവരെയാണ് പ്രിയങ്ക ഗാന്ധി പ്രധാനമായും ഉന്നംവെച്ചത്. ഇതിൽ വി. കാമകോടിയെയാണ് അവർ 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിളിച്ചത്.
കഴിഞ്ഞ 26-ാം തീയതിയായിരുന്നു പരീക്ഷാ പരിഷ്കരണങ്ങൾ പഠിച്ച് നിർദേശിക്കുന്നതിനായി പ്രധാനമന്ത്രി ഈ ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചത്. നന്ദൻ നിലേക്കനി, തപൻ ദേഖ, വി. കാമകോടി എന്നിവരെക്കൂടാതെ മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിതാ കാർവാൾ, ലോജിസ്റ്റിക്സ് രംഗത്തെ വിദഗ്ധനായ അമൃത് ലാൽ മീണ, ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ എസ്. സോമനാഥ് എന്നിവരും ഈ ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങളാണ്.





