Malayali Media
India

പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്‌ക്കെടുത്തു

വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജിതേന്ദ്രസിംഗ്

28 Jul 20261 views 3 min read
പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്‌ക്കെടുത്തു
Advertisement

ന്യൂഡൽഹി: ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. എട്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാവിലെ സഭ സമ്മേളിച്ചയുടനെ രണ്ട് മണി വരെ നടപടികൾ നിർത്തിവെച്ചിരുന്നു. എന്നാൽ എട്ടുമുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ബില്ലിന്മേൽ ചർച്ച നടത്താൻ സർക്കാർ സന്നദ്ധമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചോദ്യപേപ്പർ ചോരുന്നത് അങ്ങേയറ്റം ഗൗരവമുള്ള വിഷയമാണെന്നും ഇതിനെതിരെ കർശനമായ നിയമനിർമ്മാണം അനിവാര്യമാണെന്നും സ്പീക്കർ സഭയിൽ ചൂണ്ടിക്കാട്ടി.

ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കാത്തത് കെ.സി വേണുഗോപാൽ എം.പി ചോദ്യം ചെയ്തു. ലോക്സഭാ ചർച്ചയിൽ ആഭ്യന്തരമന്ത്രി മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിൽ നടക്കുന്ന ബിൽ ചർച്ചയിൽ പങ്കെടുക്കുകയുള്ളൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭാനടപടികൾ തടസ്സപ്പെടുത്താതെ വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെ പാർലമെന്റിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് പുരോഗമിക്കുന്നത്.

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഭാവിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്ന് യു.പി.എ ഭരണകാലത്ത് നടന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. പരീക്ഷകൾ കൂടുതൽ സുതാര്യമാക്കുകയും വിദ്യാർത്ഥികളുടെ ഭാവി ഭദ്രമാക്കുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മുൻകാല സംഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇപ്പോഴത്തെ നിയമഭേദഗതി. കേസുകളുടെ വേഗത്തിലുള്ള വിചാരണയും ഇത് ഉറപ്പുവരുത്തുന്നു. 2024-ലെ ബില്ല് ഭേദഗതി ചെയ്താണ് ഇപ്പോൾ സഭയുടെ പരിഗണനയ്ക്ക് എത്തിച്ചിരിക്കുന്നതെന്നും വേഗത്തിൽ നീതി ലഭ്യമാക്കാൻ ഈ കർശന നിയമത്തിലൂടെ കഴിയുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ച അദ്ദേഹം, 2010-ലെ എൻ.ടി.എ നിർദേശങ്ങൾ യു.പി.എ സർക്കാർ അവഗണിച്ച കാര്യവും സഭയിൽ ഓർമ്മിപ്പിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്നും നിലവിലെ നിയമഭേദഗതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗൊയ് കുറ്റപ്പെടുത്തി. 2024-ലെ നിയമത്തിന് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിഞ്ഞില്ല. ജനങ്ങൾ വലിയ ആശങ്കയിലാണ്. കേസിലെ മുഖ്യപ്രതിയായ സഞ്ജീവ് മുഖ്യ പതിനൊന്ന് മാസം ഒളിവിൽ കഴിഞ്ഞ ശേഷം പിടിയിലാവുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തു. 2024-ലെ ക്രമക്കേടിൽ കുറ്റവാളികളായ 45 പേരിൽ 44 പേർക്കും ജാമ്യം ലഭിച്ചു. 2026-ൽ 21 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിട്ടും കഴിഞ്ഞദിവസം പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാനെ, പാകിസ്താനെതിരായ യുദ്ധം വിജയിച്ചുവന്ന പോരാളിയെപ്പോലെയാണ് എൻ.ഡി.എ അംഗങ്ങൾ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റാഗ്രാമിൽ റീലുകൾ ചെയ്ത് നടക്കുകയാണ്. ഭരണപക്ഷം വിദ്യാർത്ഥികളുടെ ഭാവിക്ക് ഒരു വിലയും നൽകുന്നില്ലെന്നും എല്ലാം വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഡൽഹിയിൽ ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ അക്രമികൾക്ക് നിർദേശം നൽകിയത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും ഗൊഗൊയ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ വാക്കുകളിൽ യാതൊരു വിശ്വാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Comments

Add a Comment

Our Channels