എ.കെ.ജി ഭവനിൽ പൊലീസിനെ വിന്യസിച്ച നടപടിയിൽ കടുത്ത വിമർശനവുമായി എം.എ ബേബി. എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും, മനുഷ്യർക്കല്ലേ അതില്ലാത്തതെന്നും അദ്ദേഹം പരിഹസിച്ചു. എന്തിനുവേണ്ടിയാണ് പൊലീസ് വന്ന് നിൽക്കുന്നതെന്ന് അറിയില്ല. ഈ സുരക്ഷാ വിന്യാസത്തിന്റെ ഉദ്ദേശം ഇപ്പോഴും അവ്യക്തമാണ്. ഇന്നും പൊലീസ് എത്തുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
വിദ്യാർത്ഥികൾക്കിടയിൽ വീണ്ടും ഭീതി സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ഓഫീസ് ആക്രമിക്കാൻ എത്തുന്ന ആർ.എസ്.എസുകാരെ തടയാനാണോ പൊലീസ് കാവൽ നിൽക്കുന്നതെന്ന് അറിയില്ല. ഐഷി ഘോഷിനെ വേട്ടയാടാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പാർലമെന്റിൽ എം.പിമാരും കോടതിയിൽ അഭിഭാഷകരും വിഷയം ഉന്നയിക്കുമെന്ന് എം.എ ബേബി വ്യക്തമാക്കി. രാജ്യത്തെ യുവതലമുറ ഭയത്തെ മറികടന്നുവെന്നതിന് ജന്തർ മന്തർ സാക്ഷിയാണെന്നും, എന്നാൽ അവരിലേക്ക് ആ ഭയം വീണ്ടും കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





