ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ടി.വി.കെ. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തെ കവർന്നെടുക്കലാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഡൽഹിയിൽ ശാന്തമായി സമരം ചെയ്ത യുവതലമുറയ്ക്ക് പിന്തുണയുമായെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച സംഭവം പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ടി.വി.കെ വ്യക്തമാക്കുകയും നടപടിയെ അപലപിക്കുകയും ചെയ്തു.
നീറ്റ് പരീക്ഷയോടുള്ള കടുത്ത എതിർപ്പും ടി.വി.കെ പരസ്യമാക്കി. നീറ്റ് സമ്പ്രദായം ആരംഭിച്ച കാലം മുതൽക്കേ അതിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും, ഇത് വിദ്യാർത്ഥികളിൽ കടുത്ത മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന് ടി.വി.കെ ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധിയെ പോലീസ് ബലമായി കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിലാണ് രാഹുലിന്റെ മൂക്കിന് പരിക്കേറ്റത്. ചോരയൊലിക്കുന്ന മുഖത്തോടെ രാഹുൽ ഗാന്ധി പോലീസ് വാഹനത്തിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ "ഇതാണ് ഇന്ത്യയിലെ ജനാധിപത്യം" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.





