ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപനം ഭൂമി കയ്യേറിയെന്ന പരാതികളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നൽകി. ബെംഗളൂരു റീജിയണൽ കമ്മീഷണർ തലവനായുള്ള 11 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. 1964-ലെ കർണാടക ലാൻഡ് റവന്യൂ ആക്ട്, 2011-ലെ കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട് എന്നിവ അടിസ്ഥാനമാക്കി ജൂലൈ 17-നാണ് കർണാടക റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ബെംഗളൂരു സൗത്ത് താലൂക്കിനു കീഴിലുള്ള ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബി.എം. കാവൽ, അഗര എന്നീ വില്ലേജുകളിലെ സർക്കാർ ഭൂമി ആർട്ട് ഓഫ് ലിവിംഗ് അനധികൃതമായി കയ്യടക്കിയെന്നാണ് പ്രധാന പരാതി. കൂടാതെ, പട്ടികജാതി-പട്ടികവർഗ്ഗ (എസ്.സി/എസ്.ടി) വിഭാഗത്തിൽപ്പെട്ടവരുടെ 150 ഏക്കറോളം വരുന്ന ഭൂമി സ്ഥാപനം കയ്യേറിയതായും ആരോപണമുണ്ട്. എന്നാൽ, തങ്ങൾക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നാണ് ആർട്ട് ഓഫ് ലിവിംഗിന്റെ പ്രതികരണം.
സർക്കാറിന്റെയും വിവിധ സ്ഥാപനങ്ങളുടെയും ഔദ്യോഗിക രേഖകൾ പരിശോധിക്കുക, ഭൂമി അനുവദിച്ച രേഖകൾ ആധികാരികമാണോ എന്ന് ഉറപ്പുവരുത്തുക, യഥാർത്ഥ ഉടമസ്ഥരെയും നിയമപരമായ അവകാശികളെയും കണ്ടെത്തുക, വ്യാജ പ്രമാണങ്ങളോ കൃത്രിമ ഇടപാടുകളോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതലകൾ. ഇതിനുപുറമേ, നിലവിൽ കോടതികളിലുള്ള കേസുകൾ വിലയിരുത്തൽ, ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പരിസ്ഥിതി നാശം പരിശോധിക്കൽ, പൊതുഭൂമികളും ജലാശയങ്ങളും അളന്നു തിട്ടപ്പെടുത്തൽ, ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കൽ, കയ്യേറ്റ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരൽ, സർക്കാർ-പൊതു സ്വത്തുക്കൾ സംരക്ഷിക്കുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ നിർദ്ദേശങ്ങൾ ശുപാർശ ചെയ്യൽ എന്നിവയും എസ്.ഐ.ടിയെ ഏൽപ്പിച്ചിട്ടുണ്ട്.





