ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ്. വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് നൽകുന്നുണ്ടെന്നും എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര കുറ്റപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു പാർട്ടിയാണ് ഭരണം നടത്തുന്നത് എന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പുതിയ പൊലീസ് കമ്മീഷണറെ നിയമിച്ചത് ഇന്നലെയാണ്, ഇതിന് തൊട്ടുപിന്നാലെയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതെന്നതും ശ്രദ്ധേയമാണ്. ഇത്തരം നടപടികൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഭരണഘടനയോട് കേന്ദ്ര സർക്കാരിന് യാതൊരു ബഹുമാനവുമില്ലെന്നും ഖേര കൂട്ടിച്ചേർത്തു.
വാങ്ചുക്കിന്റെ അറസ്റ്റിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതിഷേധം രേഖപ്പെടുത്തി. വാങ്ചുക്കിനെ പൊലീസിന് കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളെ ഒരിക്കലും തടവിലാക്കാൻ സാധിക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. 'ONE DAY WE SHALL OVERCOME' എന്നും അദ്ദേഹം പ്രതികരിച്ചു. സിജെപി (കോക്രോച്ച് ജനതാ പാർട്ടി) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം നേതാവ് ബൃന്ദാ കാരാട്ടും സമരപ്പന്തലിൽ എത്തിയിരുന്നു.
<iframe width="560" height="315" src=" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
ഇന്ന് അതിരാവിലെ സമര വേദിയിലേക്ക് കൂട്ടമായെത്തിയ പൊലീസ് സംഘമാണ് നിരാഹാരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ജന്തർ മന്തറിൽ നിന്ന് ഒഴിഞ്ഞുപോകാനും സമരക്കാരോട് പൊലീസ് ആവശ്യപ്പെട്ടു. അറസ്റ്റിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്താതിരിക്കാൻ വെള്ളത്തുണി ഉപയോഗിച്ച് മറച്ചുപിടിച്ചാണ് വാങ്ചുക്കിനെ പൊലീസ് അവിടെ നിന്ന് കൊണ്ടുപോയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മാറ്റിയതിന് പിന്നാലെ അഭിജീത് ദീപ്കെ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.



