കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നൽകി സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇരുപത് ദിവസമായി നിരാഹാരമിരിക്കുന്ന വ്യക്തി മരിച്ചാൽ മരിക്കട്ടെ എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ നിരാഹാരം അനുഷ്ഠിക്കുന്നവരെ നേരിട്ട് വിളിച്ച് സംസാരിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണെന്നും, കോൺഗ്രസ് നിരന്തരം ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ തന്നെയാണ് സിജെപിയും ഉന്നയിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ഓരോ തവണ ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുമ്പോഴും കേന്ദ്രമന്ത്രി യാതൊരു കുലുക്കവുമില്ലാതെയാണ് ഇരിക്കുന്നത്. നിലവിലെ സർക്കാർ തികച്ചും ജനാധിപത്യ വിരുദ്ധവും, വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും എതിരുമാണ്. അതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മോദി സർക്കാരിൻ്റെ ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.



