നാടകവേദികളിൽ നിന്ന് അഭിനയലോകത്തേക്ക് ചുവടുവെച്ച പ്രതിഭാധനനായ നടനാണ് വിജയരാഘവൻ. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ മകനായതിനാൽ തന്നെ കലയുടെയും അഭിനയത്തിന്റെയും ആദ്യ പാഠങ്ങൾ സ്വന്തം വീട്ടിൽ നിന്നാണ് അദ്ദേഹം സ്വായത്തമാക്കിയത്. എന്നാൽ നാടക പ്രവർത്തനങ്ങളുടെ പേരിൽ സ്വന്തം കുടുംബത്തിന് അക്കാലത്ത് നേരിടേണ്ടി വന്ന അവഗണനകളെയും കൈപ്പേറിയ അനുഭവങ്ങളെയും കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയരാഘവൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
"അക്കാലഘട്ടത്തിൽ നാടകത്തിൽ പ്രവർത്തിക്കുന്നതിനെ സമൂഹം വലിയ അപരാധമായാണ് കണ്ടിരുന്നത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ സഹോദരിയുമടക്കം കുടുംബത്തിലെ എല്ലാവരും നാടകരംഗത്ത് സജീവമായിരുന്ന നാളുകളായിരുന്നു അത്. ഇതിനാൽ പല ബന്ധുക്കളും ഞങ്ങളുടെ വസതിയിലേക്ക് വരാൻ പോലും മടിച്ചിരുന്നു. 'നാടകക്കാരൻ' എന്ന് വിളിച്ച് അച്ഛനെ ആളുകൾ പരിഹസിച്ചു. അയാൾ നാടകവുമായി നടക്കുന്നത് പോരാഞ്ഞ് എന്തിനാണ് ഭാര്യയെയും കുഞ്ഞുങ്ങളെയും കൂടെ ഇതിലേക്ക് കൊണ്ടുവരുന്നതെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തൽ. 'എൻ.എൻ. പിള്ളയും കുടുംബവും' എന്നായിരുന്നു ജനങ്ങളുടെ പരാമർശം. എല്ലാവർക്കും ഞങ്ങളോട് പുച്ഛം മാത്രമായിരുന്നു. ആ അന്തരീക്ഷം കണ്ടാണ് ഞാൻ വളർന്നുവന്നത്," വിജയരാഘവൻ ഓർത്തെടുത്തു.
പിതാവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കി. തെറ്റ് ചെയ്യുമ്പോൾ ശാസിക്കുകയും ശിക്ഷകൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരു ഉറ്റ ചങ്ങാതിയെപ്പോലെയാണ് അദ്ദേഹം തന്നോട് ഇടപഴകിയിരുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. അച്ഛനോട് അതിരറ്റ ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കുട്ടിക്കാലം മുതലേ അച്ഛൻ എന്നെ ഒരു സുഹൃത്തായിട്ടാണ് ചേർത്തുപിടിച്ചത്. വഴക്കുപറയലും അടിയുമൊക്കെ കിട്ടിയിട്ടുണ്ട്, ഇല്ലെന്നല്ല. അച്ഛനോട് വല്ലാത്തൊരു ബഹുമാനമായിരുന്നു എനിക്ക്. എങ്കിലും ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം എപ്പോഴുമുണ്ടായിരുന്നു. ആദ്യമായി എനിക്ക് മദ്യം ഒഴിച്ച് തന്നത് പോലും അച്ഛനാണ്. മദ്യത്തെക്കുറിച്ച് പറയാനല്ല, ഞങ്ങൾക്കിടയിലെ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കാനാണ് ഞാനിത് പറയുന്നത്. ഞങ്ങൾ തമ്മിൽ ഒരിക്കലും യാതൊരു അകൽച്ചയും തോന്നിയിരുന്നില്ല," വിജയരാഘവൻ പങ്കുവെച്ചു.





