ചെന്നൈ: വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. 'കറുപ്പ്' എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരത്തിന്റെ പുത്തൻ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 14-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സൂര്യയെ പ്രശംസിച്ച് തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് രവി ശങ്കർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. തമിഴ് സിനിമയിൽ വിജയ് അഭിനയം നിർത്തിയതോടെ രൂപപ്പെട്ട ശൂന്യത നികത്താൻ സൂര്യയ്ക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലെ ബോക്സ് ഓഫീസിൽ നിന്നുമാത്രം 83 കോടി രൂപയാണ് 'കറുപ്പ്' ഷെയറായി നേടിയതെന്നും ഇതൊരു ഞെട്ടിക്കുന്ന കണക്കാണെന്നും പറഞ്ഞ അദ്ദേഹം, ചിത്രം വമ്പൻ വിജയമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തമിഴ്നാടിന്റെ രാഷ്ട്രീയരംഗത്ത് ഒരു മികച്ച നേതാവിന്റെ കുറവുണ്ടായിരുന്നുവെന്നും വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നത്തിന് പരിഹാരമായെന്നും രവി ശങ്കർ അഭിപ്രായപ്പെട്ടു. എന്നാൽ വിജയ് അഭിനയരംഗം വിട്ടതോടെ തമിഴ് സിനിമയുടെ മുൻനിരയിൽ ഒരു വലിയ വിടവ് രൂപപ്പെട്ടിട്ടുണ്ടെന്നും ആ സ്ഥാനം നികത്താൻ ഏറ്റവും യോഗ്യനായ വ്യക്തി സൂര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





