കൊച്ചി: ഓണം റിലീസായി തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് 20-ന് എത്തേണ്ടിയിരുന്ന സിനിമ ഇനി സെപ്റ്റംബർ മൂന്നിനായിരിക്കും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക.
ആഗോളതലത്തിൽ കൂടുതൽ വിപണികളിലേക്കും കൂടുതൽ പ്രേക്ഷകരിലേക്കും സിനിമ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലീസ് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിവെച്ചതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ തീയതി മാറ്റത്തോടെ ഓണം റിലീസ് മത്സരത്തിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്.
എന്നാൽ തിയേറ്ററുകളിൽ മറ്റൊരു കൗതുകകരമായ പോരാട്ടത്തിനാണ് ഇതിലൂടെ വഴിയൊരുങ്ങിയിരിക്കുന്നത്. സാക്ഷാൽ മമ്മൂട്ടിയുടെ ചിത്രവുമായാണ് ദുൽഖറിന്റെ സിനിമ മാറ്റുരയ്ക്കുന്നത്. മമ്മൂട്ടിയും ദുൽഖറും വെള്ളിത്തിരയിൽ ഇതുവരെ ഒന്നിച്ചെത്തിയിട്ടില്ലെങ്കിലും തിയേറ്ററുകളിലെ ഈ ക്ലാഷ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടി അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിന്റെ റിലീസാണ് ഈ മത്സരത്തിന് പശ്ചാത്തലമൊരുക്കുന്നത്. പ്രകാശ് വർമ്മയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത 'ബ്ലാക്ക്' എന്ന ചിത്രത്തിലെ പ്രശസ്തമായ കരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നത്.





