'മൈസ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി രശ്മിക മന്ദാന. ഷൂട്ടിംഗിനിടെ തന്റെ വലതുവശത്തെ ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടുപോയെന്നും നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്.
പരുക്കുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഇത് പുറംലോകം അറിയരുതെന്നാണ് താൻ ആഗ്രഹിച്ചതെന്നും രശ്മിക കുറിച്ചു. കുറച്ചുദിവസങ്ങളായി ആരാധകരുമായി സംസാരിക്കാതിരുന്നതിന് മാപ്പപേക്ഷിച്ചുകൊണ്ടാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. അടുത്ത കാലത്തായി തുടർച്ചയായി തനിക്കുണ്ടാകുന്ന മൂന്നാമത്തെ പരിക്കാണിതെന്നും, സ്വന്തം ശരീരത്തെ ഒരു യന്ത്രമായല്ലാതെ മനുഷ്യശരീരമായി കരുതാൻ താൻ പഠിക്കേണ്ടതുണ്ടെന്നും താരം കുറിച്ചു.
ഇടുപ്പിന്റെ ഓരോ ഭാഗത്തും കാലുകളുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകൾ വീതമുണ്ട്. അതിലൊന്നായ വലതു വശത്തെ ടെൻഡനാണ് വേർപെട്ടത്. കാൽ ഉയർത്താനും മറ്റും സാധിക്കണമെങ്കിൽ ഇത് വീണ്ടും കൂടിച്ചേരേണ്ടതുണ്ട്. 'മൈസ' എന്ന ചിത്രത്തിലെ നൃത്തരംഗ ചിത്രീകരണത്തിനിടയിലാണ് ഇത്തരമൊരു അപകടമുണ്ടായത്. താൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയാണിതെന്നും നടി പറഞ്ഞു. എന്നാൽ സഹിക്കാൻ കഴിയാത്തത്ര കഠിനമല്ലെങ്കിലും വേദനയുണ്ടെന്നും, നമ്മൾ സ്വയം ഇടവേള എടുക്കാത്തതിനാൽ ദൈവം തന്ന നിർബന്ധിത വിശ്രമമായിരിക്കാം ഇതെന്നും അവർ അഭിപ്രായപ്പെട്ടു.
തനിക്ക് സംഭവിച്ചിട്ടുള്ള പരിക്കുകളെല്ലാം യാദൃച്ഛികമായി ഉണ്ടായ വിചിത്ര അപകടങ്ങളാണെന്ന് രശ്മിക പറഞ്ഞു. ലഭിച്ച നിർബന്ധിത അവധിക്കാലത്ത് ധാരാളം പസിൽ ഗെയിമുകൾ കളിക്കുന്നുണ്ടെന്നും ഇതിൽ തനിക്കിത്ര മിടുക്കുണ്ടെന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലായതെന്നും താരം കൂട്ടിച്ചേർത്തു.
ശരീരഭാരം കൂടാതിരിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ട്. കൃത്യമായി വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് ഫിറ്റ്നസ് നിലനിർത്തിയിരുന്ന തനിക്ക് ഇനി കുറേക്കാലത്തേക്ക് വ്യായാമം ചെയ്യാനാവില്ല. വർക്കൗട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ ആഹാരം കഴിക്കുകയും ഡെസേർട്ടുകൾ കഴിക്കുന്ന രാക്ഷസിയായി മാറുകയും ചെയ്യുമെന്നും താരം തമാശരൂപേണ പറഞ്ഞു. മറ്റ് വിശേഷങ്ങൾ ഉണ്ടെങ്കിൽ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ താരം ആരാധകരോട് വിഷമിക്കരുതെന്നും അഭ്യർത്ഥിച്ചു.





