പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. 'കറുപ്പ്' എന്ന ചിത്രത്തിലൂടെയുള്ള സൂര്യയുടെ ഗംഭീര തിരിച്ചുവരവിന് ശേഷം എത്തുന്ന ഈ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 14-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടെ സൂര്യയോടുള്ള തന്റെ ദീർഘകാലത്തെ ആരാധനയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി മമിത ബൈജു.
ഒട്ടനവധി പെൺകുട്ടികൾ കാണുന്ന സ്വപ്നമാണ് താനിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് മമിത പറയുന്നു. "ഇപ്പോൾ എന്ത് പറയണമെന്ന് എനിക്കറിയില്ല. ചെറുപ്പം മുതൽക്കേ സൂര്യ സാർ എന്റെ വലിയൊരു ക്രഷാണ്. 'ഗജിനി' കണ്ടതുമുതൽ തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള ഈ ആരാധന. മുൻപ് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് അഭിനയിക്കേണ്ട ഒരു സിനിമ ഉണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് അന്ന് നടക്കാതെ പോയി. എന്നാൽ ഇപ്പോൾ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്," മമിത വ്യക്തമാക്കി.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതികൾ, ഓരോ സീനുകൾ ചെയ്യുമ്പോഴുമുള്ള കൃത്യത, അച്ചടക്കം എന്നിവയിൽ നിന്നെല്ലാം തനിക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും, സൂര്യ തനിക്കൊരു വലിയ പ്രചോദനമാണെന്നും മമിത കൂട്ടിച്ചേർത്തു.





