മറ്റ് താരങ്ങളുടെ സിനിമകളിൽ ഇനി അതിഥിവേഷങ്ങളിൽ (കാമിയോ) അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് താനെന്ന് വ്യക്തമാക്കി നടൻ വിജയ് സേതുപതി. എന്നാൽ 'ജയിലർ 2' എന്ന ചിത്രത്തിനായി മാത്രം ഈ തീരുമാനത്തിൽ അദ്ദേഹം മാറ്റം വരുത്തി. രജനീകാന്തിനോടുള്ള കടുത്ത ആരാധനയാണ് ഈ വേഷം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗോബിനാഥിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാലോകത്തെ സൂപ്പർതാരമായി തിളങ്ങിനിൽക്കുന്ന രജനീകാന്തിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായാണ് 'ജയിലർ 2'-ലെ അവസരത്തെ താൻ കാണുന്നതെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടി.
"മറ്റുള്ളവരുടെ ചിത്രങ്ങളിൽ ഇപ്പോൾ ഞാൻ അതിഥിവേഷങ്ങൾ ചെയ്യാറില്ല. അടുത്തിടെ 'ജയിലർ 2'ൽ അഭിനയിച്ചത് തന്നെ രജനി സാറിനെ നേരിട്ട് കാണുന്നതിന് വേണ്ടിയാണ്. തുടർച്ചയായി കാമിയോ റോളുകൾ ചെയ്യുന്നത് എൻ്റെ സ്വന്തം സിനിമകളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ രജനി സാറിന്റെ ചിത്രത്തിൽ ആ പ്രശ്നമില്ല. കൂടാതെ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കും," വിജയ് സേതുപതി പറഞ്ഞു.
അതേസമയം, അതിഥിവേഷങ്ങൾ ഇനി പൂർണ്ണമായും ഉപേക്ഷിച്ചു എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നത് തിരക്കഥയുടെ അടിസ്ഥാനത്തിലായിരിക്കും. മികച്ചൊരു കഥാപാത്രം സിനിമയ്ക്ക് അത്രത്തോളം അനിവാര്യമാണെന്ന് തോന്നിയാൽ തീർച്ചയായും അഭിനയിക്കും. ഇതിനുപുറമെ, നായകനെ മഹത്വവൽക്കരിക്കാൻ വേണ്ടി മാത്രമുള്ള സ്ഥിരം വില്ലൻ വേഷങ്ങളോട് ഇപ്പോൾ തനിക്ക് താല്പര്യമില്ലെന്നും, തിരക്കഥ ആവേശമുണ്ടാക്കുന്നതാണെങ്കിൽ മാത്രമേ ഇനി പ്രതിനായകനായി എത്തുകയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.





