നടൻ വിജയ് തന്റെ സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമാണ് 'ജനനായകൻ'. തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ ശേഷം തീയേറ്ററുകളിൽ വലിയ ആഘോഷമാക്കാൻ ആരാധകർ ഒന്നടങ്കം കാത്തിരുന്ന സിനിമ കൂടിയാണിത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഉയരുന്നതെങ്കിലും, ബോക്സ് ഓഫീസിൽ വിജയിയുടെ മറ്റൊരു കൂറ്റൻ വിജയത്തിലേക്കാണ് ചിത്രം മുന്നേറുന്നത്. നിലവിൽ ആഗോളതലത്തിൽ 301 കോടി രൂപയോളം മൊത്തം ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഇത് തുടർച്ചയായി ഒൻപതാം തവണയാണ് വിജയിയുടെ ഒരു ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം നൂറ് കോടി രൂപയെന്ന നേട്ടം കൈവരിക്കുന്നത്. വിദേശ വിപണികളിൽ നിന്ന് മാത്രം ജനനായകൻ 85 കോടി രൂപ വാരുകയുണ്ടായി. കേരളത്തിലെ തിയേറ്ററുകളിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് 'കറുപ്പ്', 'ബ്ലാസ്റ്റ്' എന്നീ സിനിമകളെ പിന്നിലാക്കിക്കൊണ്ട് ജനനായകൻ കൈവശപ്പെടുത്തി.





