തെലുങ്കിലെ മുൻനിര താരം നാനിയെ കേന്ദ്രകഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല ഒരുക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' ടീസർ വരുന്ന ഓഗസ്റ്റ് 6-ന് പ്രേക്ഷകരിലേക്ക് എത്തും. ആകെ 1 മിനിറ്റും 35 സെക്കൻഡും ദൈർഘ്യമുള്ള, തികച്ചും മാസ്സ് ആയൊരു ടീസറാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തയ്യാറാക്കിയിട്ടുള്ളത്.
മഹാവിജയം നേടിയ 'ദസറ'യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ഈ സിനിമ നിർമ്മിക്കുന്നത് അതേ ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന സുധാകർ ചെറുകുറിയാണ്. 'ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്' എന്ന ബാനറിലാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത്.
'ജദാൽ' എന്ന ശക്തമായ കഥാപാത്രത്തെയാണ് നാനി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് നേരത്തെ തന്നെ വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമെ, സിനിമയിൽ വില്ലനായി എത്തുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'വിക്രം മാലിക്' എന്ന പ്രതിനായക കഥാപാത്രത്തെയാണ് രാഘവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.





