കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായ 'ഉന്മാദം' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രത്തിന്റെ ട്രെയിലറിന് നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടാനായിരുന്നു. പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ സിനിമയായ 'ഉന്മാദം', പ്രമുഖ എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
വ്യത്യസ്തമായൊരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൊലീസ് സ്റ്റേഷനിലെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട, തികച്ചും സങ്കീർണ്ണമായ ഒരു കേസ് ഫയലിന് പിന്നാലെ നായകൻ പോകുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം.
'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിന് ശേഷം ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറും കുഞ്ചാക്കോ ബോബനും വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിൽ വേഷമിടുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.





